sabarimala

ശബരിമല തീർത്ഥാടകരിൽ കൊവിഡ് ബാധിതർ വർദ്ധിച്ചുവരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നുമാണ് തീർത്ഥാടകർ കൂടുതലായും എത്തിക്കൊണ്ടിരിക്കുന്നത്. തീർത്ഥാടകരിൽ നടത്തുന്ന പരിശോധനയിൽ രോഗബാധിതരായി കാണുന്നവരെ തിരിച്ചയച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ തിരിച്ചുപോകുന്നവരാകട്ടെ ഭക്ഷണം കഴിക്കുന്നതിനും മറ്റുമായി വിവിധ സ്ഥലങ്ങളിൽ ഇറങ്ങുകയും ചെയ്യും.

ഈ വസ്തുതകളെല്ലാം കണക്കിലെടുത്തുകൊണ്ടാണ് പ്രമുഖ ഹൈന്ദവ സംഘടനകളും ചില സന്യാസിശ്രേഷ്ഠന്മാരും 'ഭവനം സന്നിധാനമാക്കുക" എന്ന ആഹ്വാനം നടത്തിയിട്ടുള്ളത്. സർവവ്യാപിയായ അയ്യപ്പസ്വാമിയുടെ പ്രതിരൂപം പൂജാമുറിയിൽ പ്രതിഷ്ഠിച്ച് ഭക്തിപൂർവം ആരാധിച്ച് സായൂജ്യമടയാനാണ് ആചാര്യന്മാർ ഉപദേശിക്കുന്നത്. ആചാര്യന്മാരുടെ ഉപദേശം അനുസരിക്കുക മാത്രമാണ് കരണീയം. ജാഗ്രതയാകട്ടെ മനുഷ്യജീവന്റെ വില.

വി.എസ്. ബാലകൃഷ്ണപിള്ള

തൊടുപുഴ

കബളിപ്പിക്കരുത്

താളം തെറ്റിയ കേരള യൂണിവേഴ്സിറ്റി എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത വായിച്ചപ്പോൾ, കേരള യൂണിവേഴ്സിറ്റിയുടെ താളം എങ്ങനെ തെറ്റിയിരിക്കുന്നുവെന്ന് ചോദിക്കാതെ വയ്യ. രാജ്യത്തിന്റെ മഹത്തായ പ്രതിരോധ സേനയിൽ സേവനം അനുഷ്ഠിക്കാൻ യോഗ്യതയും ഭാഗ്യവും ലഭിച്ച ഒട്ടേറെ മലയാളികളായ വിമുക്തഭടന്മാർക്ക് ഉന്നത വിദ്യാഭ്യാസത്തിന് കേരള യൂണിവേഴ്സിറ്റി അവസരം കൊടുക്കാത്തതെന്താണ്. തലയെടുപ്പുള്ള 13 യൂണിവേഴ്സിറ്റികൾ പ്രതിരോധ സേനയിൽ നിന്നും പഠിച്ച് നേടിയ ഹയർ സെക്കൻഡറിക്ക് തുല്യമായ വിദ്യാഭ്യാസ യോഗ്യത അംഗീകരിച്ചതിനാൽ ഒട്ടേറെ വിമുക്തഭടന്മാർ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളാൽ ഉന്നത വിദ്യാഭ്യാസം നേടാതെ വിരമിച്ചവരുമുണ്ട്. ഉറ്റവരെയും ഉടയവരെയും ശിഷ്ടകാലം കണ്ടും കേട്ടും ജീവിക്കാൻ കൊതിയുള്ളവരുമാണ്. മാനുഷിക പരിഗണനയുടെ പേരിലും വിമുക്തഭടന്മാർക്കും പഠിക്കാനവസരം കൊടുക്കരുതോയെന്ന് ഡയറക്ടറേറ്റ് ഒഫ് എഡ്യൂക്കേഷൻ, ന്യൂഡൽഹി 1999 ജൂൺ 15-ാം തീയതി കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് രേഖാമൂലം എഴുതിയിട്ടും നാളിതുവരെയായി ഒരു മറുപടി പോലും അയച്ചതായി അറിയില്ല. ഇപ്പോഴത്തെ രജിസ്ട്രാർ എങ്കിലും ഈ കിഴവൻ വേഴാമ്പലുകളുടെ കാത്തിരിപ്പിനറുതി വരുത്തണേ.

ശശി കെ. വെട്ടൂർ

കല്ലമ്പലം

മാസ്കിന്റെ പേരിൽ
പീഡിപ്പിക്കരുത്

മാസ്ക് ധരിക്കുന്ന കാര്യത്തിൽ ബോധവത്കരണമാണാവശ്യം. ഇന്ന് പാവങ്ങളെയും സാധാരണക്കാരെയും തെരഞ്ഞുപിടിച്ച് പിഴ ചുമത്തുകയാണ്. മാസ്ക് ധരിച്ചാലും ശരിയായി ധരിച്ചില്ലെന്നാണ് പൊലീസുകാരുടെ ന്യായം. രാഷ്ട്രീയക്കാർ മാസ്ക് ധരിക്കുന്നില്ലല്ലോയെന്ന് ചോദിച്ചപ്പോൾ 'തെറിയഭിഷേകം" ആയിരുന്നു മറുപടി. കാറിൽ കർട്ടനും ഫിലിമും നീക്കം ചെയ്യാൻ നടത്തിയ ശ്രമം എവിടെ അവസാനിച്ചു എന്ന് എല്ലാവർക്കുമറിയാം.

ഒരു വായനക്കാരൻ

സ്പെഷ്യലിസ്റ്റ് ഡോക്ടർമാരോടുള്ള
അവഗണന

സംസ്ഥാന ആരോഗ്യവകുപ്പിലെ നെടും തൂണായ സ്പെഷ്യലിസ്റ്റ് - പൊതുജനാരോഗ്യ ഡോക്ടർമാരെ ശമ്പള കമ്മിഷൻ തരംതാഴ്‌ത്തിയ നടപടി ഈ കൊവിഡ് മഹാമാരി കാലത്ത് വലിയ ചതിയായിപ്പോയി. കഴിഞ്ഞ ശമ്പള കമ്മിഷനിൽ സ്പെഷ്യലിസ്റ്റ് ഡോക്ടേഴ്സിനായി പ്രത്യേക ഡയറക്ടറേറ്റും ഡയറക്ടർ സ്പെഷ്യാലിറ്റീസ് എന്ന തസ്തികയും ശുപാർശ ചെയ്തിരുന്നു. ഈ സർക്കാർ അത് അനുവദിച്ചുതന്നില്ല എന്ന് മാത്രമല്ല, ഇപ്പോഴത്തെ ശുപാർശയിൽ ഡയറക്ടർ സ്പെഷ്യാലിറ്റീസ് തസ്തിക തരംതാഴ്‌ത്തി 'ചീഫ് കൺസൾട്ടന്റ് ഹയർ ഗ്രേഡ്" എന്നാക്കുകയും ചെയ്തു. ആരോഗ്യവകുപ്പി​ലെ സ്പെഷ്യാലി​റ്റി​ കേഡറി​ലെ ഡോക്ടർമാർക്ക് പ്രൊമോഷൻ സാദ്ധ്യതകളും കൂടുതൽ ഡോക്ടർമാരുടെ സേവനവും കി​ട്ടുമായി​രുന്ന മുൻ കമ്മി​ഷൻ ശുപാർശകൾ പുനഃസ്ഥാപി​ക്കാൻ സർക്കാർ നടപടി​ എടുക്കണം. സംസ്ഥാന സർക്കാർ നൽകുന്ന മി​കച്ച ഡോക്ടർ അവാർഡ് സ്പെഷ്യലി​സ്റ്റ് ഡോക്ടർമാർക്ക് പ്രത്യേകം നൽകണമെന്ന ആവശ്യവും സർക്കാർ പരി​ഗണി​ക്കണം. ഇപ്പോൾത്തന്നെ മെഡി​ക്കൽ കോളേജ് സ്പെഷ്യലി​സ്റ്റ് ഡോക്ടർമാരെക്കാൾ 30-40 % കുറഞ്ഞ വേതനമാണ് ആരോഗ്യവകുപ്പിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് കിട്ടുന്നത്.

ഡോ. കല്ലട വേണു

കൊല്ലം