കോവളം: ക്രൂ ചെയ്‌ഞ്ചിംഗിന്റെ പുത്തൻകേന്ദ്രമായ വിഴിഞ്ഞത്തിന് പുതിയൊരു നേട്ടം കൂടി. കഴിഞ്ഞദിവസം നാല് കപ്പലുകൾ കൂടി എത്തിയതോടെ വിഴിഞ്ഞം ഡബിൾ സെഞ്ച്വറി തികച്ചു. ഒമ്പതുമാസം കൊണ്ടാണ് വിഴിഞ്ഞം ചരിത്രം സൃഷ്ടിച്ചത്. ഇതോടെ ചുരുങ്ങിയ സമയംകൊണ്ട് ക്രൂചെയ്ഞ്ചിംഗ് നടത്തിയ ഇന്ത്യയിലെ മൈനർ തുറമുഖങ്ങളിൽ ഒന്നാം സ്ഥാനവും വിഴിഞ്ഞത്തിന് ലഭിച്ചു. മാർഷൽ ദ്വീപ് രജിസ്‌ട്രേഷനുള്ള സാവിലെറോ എന്ന കൂറ്റൻ കപ്പലാണ് 200-ാമനായി എത്തിയത്. അന്താരാഷ്ട്ര കപ്പൽചാലിന് അടുത്തുള്ള വലിയ തുറമുഖം, തീരക്കടലിലെ ആഴക്കൂടുതൽ എന്നീ ഘടകങ്ങളാണ് വിഴിഞ്ഞത്തേക്ക് കൂറ്റൻ കപ്പലുകൾ അടുക്കുന്നതിന് കാരണം. ചരക്കുകപ്പലുകൾ തുടർച്ചയായി എത്തിയതോടെ വിഴിഞ്ഞം പോർട്ടിനെ അന്താരാഷ്ട്ര ക്രൂ ചെയ്ഞ്ചിംഗ് ആൻഡ് ബെങ്കറിംഗ് പദവിയിലേക്ക് സർക്കാർ ഉയർത്തിയിരുന്നു. ലോകം കൊവിഡിന്റെ പിടിയിലായി ലോകമൊട്ടാകെ ലോക്ക് ഡൗണും യാത്രാവിലക്കുകളും പ്രഖ്യാപിച്ചപ്പോഴും തടസമില്ലാതെ വിഴിഞ്ഞത്ത് കപ്പലുകളെത്തിയിരുന്നു.
ക്രൂചെയ്ഞ്ചിംഗ് വഴിയുള്ള
ഇതുവരെയുള്ള വരുമാനം - 2.25 കോടി
ആദ്യ ക്രൂചെയ്ഞ്ച് - 2020 ജൂലായ് 15 - എവർഗ്ലോബ് ഓയിൽ ടാങ്കർ
സൂയസ് കനാൽ വഴിയുള്ള അന്താരാഷ്ട്ര
കപ്പൽചാലിൽ നിന്നുള്ള ദൂരം
-----------------------------------------------------------------
കൊച്ചിയിലേക്ക് 200 നോട്ടിക്കൽ മൈൽ
വിഴിഞ്ഞത്തേക്ക് 20 നോട്ടിക്കൽ മൈൽ
വിഴിഞ്ഞത്തിന്റെ സാദ്ധ്യതകൾ
---------------------------------------------------------
അന്താരാഷ്ട്ര കപ്പൽചാലിന് അടുത്തുള്ള വലിയ തുറമുഖം, തീരക്കടലിലെ ആഴക്കൂടുതൽ എന്നിവയാണ് വിഴിഞ്ഞത്തേക്ക് കൂറ്റൻ കപ്പലുകൾ അടുക്കുന്നതിന് കാരണം. ക്രൂചെയ്ഞ്ചിംഗിനുള്ള അടിസ്ഥാന സൗകര്യങ്ങൾ തുറമുഖ വകുപ്പ് ഏർപ്പെടുത്തിയാൽ മാസത്തിൽ എല്ലാ ദിവസവും കപ്പലുകൾ എത്തും. ഒരു കപ്പലെത്തുമ്പോൾ വാടക ഇനത്തിലും മറ്രുമായി മൂന്നു ലക്ഷം രൂപവരെ വരുമാനം ലഭിക്കും.
മികച്ച വരുമാനം
ഒരു കപ്പൽ എത്ര ദിവസമാണോ തീരക്കടലിൽ ആങ്കറിംഗ് നടത്തുക അത്രയും വരുമാനം സംസ്ഥാനത്തിനുണ്ട്. ഒരു ദിവസം തന്നെ ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും കപ്പലുകൾ ഇത്തരത്തിൽ ഫീസായി സർക്കാരിന് നൽകും. ക്രൂ ചെയ്ഞ്ച് വിജയകരമാക്കാൻ കേരള മാരിടൈം ബോർഡും രംഗത്തുണ്ട്. ആദ്യഘട്ടത്തിൽ ടഗ് ഇല്ലാതെ മത്സ്യബന്ധന ബോട്ടുകളിലായിരുന്നു ക്രൂ ചെയ്ഞ്ച് നടത്തിയത്. എന്നിട്ടും അന്താരാഷ്ട്ര തലത്തിലെ വമ്പൻ ഷിപ്പിംഗ് കമ്പനികൾ വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിംഗ് തുടരാൻ താത്പര്യം കാണിച്ചു.
'' കേരളത്തിലെ വൻകിട തുറമുഖങ്ങളെപ്പോലും പിന്തള്ളിയുള്ള
വിഴിഞ്ഞത്തിന്റെ കുതിപ്പ് ഇനിയും തുടരും
അഡ്വ.വി.ജെ. മാത്യു, ചെയർമാൻ
മാരിടൈം ബോർഡ്