നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ട്രോമാകെയർ നിർമ്മിക്കാൻ കോടികളാണ് ചെലവായത്. എന്നിട്ടും പ്രവർത്തനം ഇതുവരെ ആരംഭിക്കാത്തതിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. 2008 ആഗസ്റ്റ് 26 നാണ് നെയ്യാറ്റിൻകര ജെനറൽ ആശുപത്രിയിൽ ട്രോമാകെയർ യൂണിറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അതിനുശേഷം 3 തവണ ട്രോമാകെയർ യൂണിറ്റിൽ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഇതുവരെ അത് തുറന്ന് പ്രവത്തിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് പരാതി.
1,25,86,820 രൂപ ചെലവാക്കി നിർമ്മിച്ച ട്രോമാകെയറിനാണ് ഈ ദുരവസ്ഥ. സർജ്ജറിക്കും മറ്റുമായും 40 ഓളം ഉപകരണങ്ങൾ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ ട്രോമാകെയറിലേക്ക് സജ്ജമാക്കുന്നതിനു വേണ്ടിയുള്ള ഗ്യാസ് പൈപ്പ് ലൈനുകൾ ക്രമീകരിക്കാൻ കഴിയാത്തതാണ് ഇതിന്റെ പ്രവർത്തനം വൈകുന്നതിനുള്ള ഒരു കാരണമായി പറയുന്നത്.
അതിർത്തി പ്രദേശമായ കളിയിക്കാവിള മുതൽ നേമം, വിഴിഞ്ഞം, പൂവാർ ഭാഗങ്ങളിൽ നിന്നു വരെ നിരവധി രോഗികളാണ് അത്യാഹിതത്തിൽ പെട്ടും മറ്റും എത്തുന്നത്. നെയ്യാറ്റിൻകര താലൂക്കിലെ സുപ്രധാന ആശുപത്രി എന്നുള്ള നിലയ്ക്കാണ് ഈ ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചത്. ഇതിനെ തുടർന്നാണ് ട്രോമാകെയർ യൂണിറ്റ് കൂടെ സ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നാൽ ട്രോമാകെയർ യൂണിറ്റ് സ്ഥാപിച്ച് വർഷങ്ങൾ പിന്നിടുമ്പോഴും അത് നോക്ക് കുത്തിയായി തുടരുന്നത് അപകടത്തിലും മറ്റും പെട്ട് എത്തുന്ന രോഗികളെയും ബന്ധുക്കളെയും ബുദ്ധിമുട്ടിക്കുകയാണ്.
നിർമ്മാണം ആരംഭിച്ചത്...........2008 ആഗസ്റ്റ് 26ന്
ചെലവായത്...........1.25 കോടി
പ്രവർത്തനം വൈകാൻ കാരണം
1. മെട്രോകെയറിലേക്കുള്ള ഗ്യാസ്പൈപ്പ് ലൈനുകൾ ക്രമീകരിക്കാൻ കഴിഞ്ഞിട്ടില്ല
2. ഗ്യാസ്പൈപ്പ് സ്ഥാപിക്കാൻ തുക സർക്കാർ അനുവദിച്ചിട്ടില്ല.
3. ആവശ്യത്തിന് ജീവനക്കാരെയും നിയമിച്ചിട്ടില്ല
കാരണങ്ങൾ പലത്
കെ.എച്ച്.ആർ.ഡബ്ലൂ.എസ് ആണ് കെട്ടിടത്തിന്റെ പണികൾ പൂർത്തിയാക്കിയത്. മെഡിക്കൽ സർവീസ് കോർപ്പറേഷനാണ് യന്ത്രസാമഗ്രികൾ ലഭ്യമാക്കിയിട്ടുള്ളത്. ഗ്യാസ് പൈപ്പ് ലൈനുകൾ സജ്ജമാക്കണമെങ്കിൽ 10 ലക്ഷം രൂപയോളം ചെലവ് വേണ്ടി വരും. ഇത് സർക്കാരാണ് നൽകേണ്ടത്. സർക്കാർ തുക അനുവദിക്കുന്നത് വൈകുന്നതാണ് ഇതിന്റെ പ്രവർത്തനം നീളാനുള്ള കാരണം. ആവശ്യമുള്ള ഡോക്ടർമാരെയും സ്റ്റാഫ്നഴ്സ്, അറ്റൻഡർമാർ, അനുബന്ധ ജാവനക്കാർ തുടങ്ങിയ ഒഴിവുകളിലേക്കുള്ളവരെ നിയമിക്കാൻ കഴിയാത്തതും ട്രോമാകെയർ യൂണിറ്റിന്റെ പ്രവർത്തനം വൈകുന്നതിന് ഇടയാക്കുന്നുണ്ട്. ട്രോമാകെയർ പൂർത്തിയാക്കിയെങ്കിലും ഇവിടേക്ക് ആവശ്യമായ തസ്തികകളിൽ നിയമനം നടത്താൻ അധികൃതർക്കായിട്ടില്ല. നിയമനം വൈകുന്നതും ട്രോമാകെയറിന്റെ പ്രവർത്തനം അനന്തമായി നീളുന്നതിന് ഇടയാക്കുന്നുണ്ട്.
ഒഴിവുള്ള തസ്തികകൾ(ഡോക്ടർമാർ).......... തസ്തികകളുടെ എണ്ണം
ഓർത്തോ.................4
ഓർത്തോ സർജൻ............ 4
ജനറൽ മെഡിസിൻ.......2
കാർഡിയോളജിസ്റ്റ്...................... 2