മലയിൻകീഴ്: വിളവൂർക്കൽ പഞ്ചായത്തിലെ കോണക്കോട്, പെരുകാവ് ഭാഗങ്ങളിൽ സി.പി.എം - ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടിയ സംഭവത്തിൽ മലയിൻകീഴ് പൊലീസ് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്‌തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. കാട്ടാക്കട ഡിവൈ.എസ്.പി എസ്. ഷാജി, മലയിൻകീഴ് എസ്.എച്ച്.ഒ സന്തോഷ്, രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.എസ്. സുനിൽകുമാർ (സി.പി.എം), മുക്കംപാലമൂട് ബിജു (ബി.ജെ.പി ), പെരുകാവ് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സതീഷ് കുമാർ, നേതാക്കളായ എം. അനിൽകുമാർ, കെ. ജയചന്ദ്രൻ, കുന്നുവിള സുധീഷ് എന്നിവർ സമാധാന ചർച്ചയിൽ പങ്കെടുത്തു. സി.പി.എം വിളപ്പിൽ ഏരിയാ കമ്മിറ്റി സെക്രട്ടറി സുകുമാരൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, നേമം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി, കാട്ടാക്കട എൻ.ഡി.എ സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസ്, കാട്ടാക്കട എൽ.ഡി.എഫ് സ്ഥാനാർത്ഥി ഐ.ബി. സതീഷ്, കാട്ടാക്കട യു.ഡി.എഫ് സ്ഥാനാർത്ഥി മലയിൻകീഴ് വേണുഗോപാൽ, ജനപ്രതിനിധികളും പാർട്ടി നേതാക്കളും സംഭവസ്ഥലം സന്ദർശിച്ചു.