തിരുവനന്തപുരം: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം വ്യാപകമാകുമ്പോൾ, കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ചും വാക്‌സിനേഷൻ സംബന്ധിച്ച കേന്ദ്ര സർക്കാർ നിലപാടുകളെ വിമർശിച്ചും ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ. ജയലാൽ.
. ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് 1.6 ആണ്. കേരളത്തിന്റെ 0.4നേക്കാൾ കുറവ്. അതൊരു വലിയ നേട്ടമാണ്. കൊവിഡ് പ്രതിരോധത്തിൽ കേരള സർക്കാർ ഒരു കുറവും വരുത്തിയതായി ഐ.എം.എ കരുതുന്നില്ല. ജനങ്ങളും നല്ല രീതിയിൽ സഹകരിച്ചു. പാശ്ചാത്യ രാജ്യങ്ങളിൽ പോലും മരണനിരക്ക് ഇത്രയും കുറയ്ക്കാനായിട്ടില്ല. കേരളത്തിന്റെ മുഴുവൻ ആരോഗ്യ സംവിധാനത്തെയുമാണ് ഇതിൽ അഭിനന്ദിക്കേണ്ടതെന്ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഈ രോഗം വരുത്തുന്ന വൈറസിൽ ജനിതകമാറ്റം സംഭവിക്കുമ്പോൾ ഒറിജിനൽ വൈറസ് മരിച്ച് പുതിയവ നിലനിൽക്കും. അതാണ് ഇന്ത്യയിൽ സംഭവിക്കുന്നത്. ആദ്യ വൈറസ് പ്രായമായവരെയാണ് കൂടുതലായി ബാധിച്ചതെങ്കിൽ ,പുതിയ വൈറസ് ചെറുപ്പക്കാരിലാണ് കൂടുതൽ പടരുന്നത്.
എല്ലാവർക്കും വാക്‌സിനേഷൻ ലഭ്യമാക്കണമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെടുന്നത്. 40 കോടി പേർക്കെങ്കിലും വാക്‌സിൻ ലഭിച്ചിരിക്കണം. 9 കോടിയിൽ താഴെയാണ് ഇതുവരെ രാജ്യത്ത് വാക്‌സിൻ നൽകിയത്. കേന്ദ്രസർക്കാർ പറയുന്നത് പോലെ ,45 ന് മുകളിലുള്ളവർക്ക് മാത്രം വാക്‌സിൻ നൽകുന്നത് കൊണ്ട് പ്രയോജനമില്ലെന്നും അദ്ദേഹം പറഞ്ഞു.