c

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റിനകത്ത് കൊവിഡ് പേടിയില്ല. നിയമസഭാ തിരഞ്ഞെടുപ്പോടെ,ചീഫ് സെക്രട്ടറിയുൾപ്പെടെ സെക്രട്ടേറിയറ്റിലെ 90 ശതമാനം ജീവനക്കാരും വാക്സിനെടുത്തു. ഏതാനും പേർ അടുത്ത രണ്ടാഴ്ചക്കുള്ളിൽ രണ്ടാം വാക്സിനുമെടുക്കുന്നതോടെ സെക്രട്ടേറിയറ്റപ്പാടെ സുരക്ഷിതമാവും. ഇനി സന്ദർശകർ സൂക്ഷിച്ചാൽ മതി.

തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടതോടെയാണ് എല്ലാവരും നിർബന്ധിതമായി വാക്സിനെടുത്തത്. മാർച്ച് 25 നകം 3000ത്തോളം ജീവനക്കാരുടെ രണ്ടാം കൊവിഡ് വാക്സിനും പൂർത്തിയായി. ചീഫ് സെക്രട്ടറി മറ്റുള്ളവർ കഴിഞ്ഞയാഴ്ചയാണ് വാക്സിനെടുത്തത്. ഇവരെല്ലാം അടുത്ത ഒരു മാസത്തിനകം രണ്ടാം വാക്സിനുമെടുക്കും. ഐ.എ.എസുകാരിൽ പതിനഞ്ചോളം പേർ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ ഡ്യൂട്ടിയിലാണ്. അവർ മേയ് രണ്ടാം വാരത്തോടെ മടങ്ങിയെത്തും.

അവധി മൂഡിൽ

തിരഞ്ഞെടുപ്പും ഭരണമാറ്റവും ഉണ്ടാകുന്ന ഇടവേളകളിൽ സെക്രട്ടേറിയറ്റ് പൊതുവരെ അവധിക്കാല മൂഡിലായിരിക്കും. നയപരമായ തീരുമാനങ്ങളുമെടുക്കാൻ മന്ത്രിമാർക്ക് പെരുമാറ്റച്ചട്ടത്തിന്റെ വിലക്കുള്ളതാണ് കാരണം. ദൈനംദിന നടപടക്രമങ്ങൾ മാത്രമാണിപ്പോൾ നടക്കുക. മേയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റും ഉഷാറാകും. 5800 ജീവനക്കാരാണിവിടെയുള്ളത്.

കൊവിഡ് വ്യാപനം തുടങ്ങിയ 2020 മാർച്ച് മുതൽ പകുതിയോളം ജീവനക്കാരാണ് ജോലിക്കെത്തിയിരുന്നത്. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തതോടെയാണ് ജീവനക്കാരുടെ വർക്ക് ഫ്രം ഹോം സംവിധാനം നിറുത്തലാക്കിയത്. രണ്ടാം കൊവിഡ് വ്യാപനമുണ്ടായോടെ ഇൗ വർഷം ഫെബ്രുവരിയിലും സെക്രട്ടേറിയറ്റിൽ കൊവിഡ് വ്യാപനം കൂടുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. നൂറുപേരെ പരിശോധിച്ചതിൽ പകുതിയിലേറെ ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. സെക്രട്ടേറിയറ്റിൽ തുടർന്നും,സന്ദർശകർക്ക് നിയന്ത്രണവും ഒാഫീസിനകത്ത് കൊവിഡ് കരുതൽ മാനദണ്ഡങ്ങളും കർശനമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.