തിരുവനന്തപുരം: പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകന്റെ കൊലപാതകം ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്പിച്ചത് കേസ് വൈകിപ്പിക്കാനും വഴിതിരിച്ചു വിടാനുമാണ്. ലീഗ് പ്രവർത്തകർ പിടിച്ചു കൊടുത്ത പ്രതികളെയല്ലാതെ മറ്റാരെയും പിടികൂടാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സി.പി.എമ്മിന്റെ ആസൂത്രിത നീക്കമാണ് കൊലപാതകത്തിന് പിന്നിൽ. ഇന്ന് താനും പി.കെ. കുഞ്ഞാലിക്കുട്ടിയും കെ. സുധാകരനും സംഭവസ്ഥലം സന്ദർശിക്കും.
വട്ടിയൂർക്കാവിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പോസ്റ്രർ ആക്രിക്കടയിൽ കണ്ടെത്തിയത് പാർട്ടി അന്വേഷിക്കും. മഞ്ചേശ്വരത്ത് കോൺഗ്രസ് ജയിക്കുമെന്നതിൽ സംശയമില്ല. യു.ഡി.എഫ് അധികാരത്തിൽ വരും. പുതുപ്പള്ളിയിലും ഹരിപ്പാട്ടും ഞങ്ങൾക്കൊക്കെ ജയിക്കാൻ ബി.ജെ.പി പിന്തുണ വേണോ? സീറ്രു കിട്ടാത്തതിന്റെ വിഷമം മൂലമാവണം മന്ത്രി എ.കെ. ബാലൻ ഓരോന്നു പറയുന്നത്. എൻ.എസ്.എസ് അടക്കം എല്ലാ സാമുദായിക സംഘടനകളുടെയും പിന്തുണ യു.ഡി.എഫിന് ലഭിച്ചു.