പരിശോധനകൾ പേരിനുപോലുമില്ല
തിരുവനന്തപുരം: പ്രകൃതിക്ക് ദോഷമായ പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്താക്കാനായി പ്രഖ്യാപിച്ച പ്ലാസ്റ്രിക് നിരോധനം പഴങ്കഥയായി. കൊവിഡിന്റെയും തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും പശ്ചാത്തലത്തിൽ പരിശോധനങ്ങൾ നിലച്ചതോടെ നിരോധനപ്പട്ടികയിൽ ഉൾപ്പെടുത്തിയ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിപണിയിൽ സജീവമാണിപ്പോൾ. പച്ചക്കറി, പലവ്യഞ്ജനക്കടകളിൽ ഉൾപ്പെടെ നിരോധിത പ്ലാസ്റ്റിക് കാരിബാഗുകളും കവറുകളും സുലഭമാണ്. ഹോട്ടലുകളിൽ ഭക്ഷണം പാഴ്സൽ നൽകാനും പ്ലാസ്റ്റിക് കവറുകളാണ് ഉപയോഗിക്കുന്നത്. 2020 ജനുവരി മുതലാണ് ഒറ്രത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ഇത് ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കനത്ത പിഴയും ഏർപ്പെടുത്തിയിരുന്നു. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിൽ തുടക്കത്തിൽ കർശന പരിശോധന നടത്തി പിഴ ഈടാക്കുകയും ചെയ്തിരുന്നു. വ്യാപാരികളിൽ നിന്നടക്കം എതിർപ്പുകളുയർന്നെങ്കിലും നിരോധിത പ്ലാസ്റ്റികിന്റെ ഉപയോഗം ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ കൊവിഡും ലോക്ക് ഡൗണും വന്നതോടെ പരിശോധനകൾ നിലച്ചു. ലോക്ക് ഡൗണിന് ശേഷം വ്യാപാരസ്ഥാപനങ്ങൾ തുറന്നതോടെ പ്ലാസ്റ്റിക് ഉത്പന്നങ്ങളും തിരിച്ചെത്തുകയായിരുന്നു. ഇപ്പോൾ ജില്ലയിലെ ഭൂരിഭാഗം ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും പഴക്കടകളിലും മത്സ്യവിപണന കേന്ദ്രങ്ങളിലും നിരോധിക പ്ലാസ്റ്രിക് കവറുകളുണ്ട്. പല സ്ഥാപനങ്ങളും ഫ്ലക്സുകളും ഉപയോഗിക്കുന്നുണ്ട്.
നിരോധന പട്ടിക
- പ്ലാസ്റ്റിക് കാരിബാഗ് (കനം ബാധകമല്ല)
- ടേബിളിൽ വിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്
- തെർമോക്കോൾ,സ്റ്റെറോഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകൾ, കപ്പുകൾ, അലങ്കാര വസ്തുക്കൾ
- ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ഫോർക്കുകൾ, സ്‌ട്രോകൾ, ഡിഷുകൾ
- പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ, ബൗൾ
- നോൺ വൂവൺ ബാഗുകൾ, പ്ലാസ്റ്റിക് കൊടികൾ
- പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകൾ, പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റുകൾ
- 500 മില്ലി ലിറ്ററിന് താഴെയുള്ള കുടിവെള്ള പെറ്റ് ബോട്ടിലുകൾ
- ബ്രാൻഡഡ് അല്ലാത്ത ജ്യൂസ് ബോട്ടിലുകൾ
- പ്ലാസ്റ്റിക് ഗാർബേജ് ബാഗ്
- പി.വി.സി ഫ്ളക്സ് മെറ്റീരിയൽസ്
- പ്ലാസ്റ്റിക് പായ്ക്കറ്റ്
നിരോധനം ഏർപ്പെടുത്തിയത് - 2020 ജനുവരി മുതൽ
പിഴ
നിയമലംഘനം നടത്തുന്നവർക്ക് 10,000 രൂപയാണ് പിഴ. രണ്ടാമതും ലംഘിച്ചാൽ 25,000. തുടർന്നുള്ള ലംഘനത്തിന് 50,000. തുടർച്ചയായി നിയമലംഘനം നടത്തിയാൽ സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി റദ്ദാക്കും. അനുമതി റദ്ദാക്കിയാൽ വീണ്ടും അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ നിശ്ചിതകാലത്തേക്ക് നിരാകരിക്കാൻ തദ്ദേശസ്ഥാപനത്തിന് അധികാരമുണ്ട്.