mamsa-vyaparam

കല്ലമ്പലം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അറവുശാലകൾ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ നോക്കുകുത്തികളായി മാറിയതോടെ ഗ്രാമ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള അനധികൃത അറവുശാലകൾ പെരുകുന്നു. നാവായിക്കുളം, കരവാരം, ഒറ്റൂർ, മണമ്പൂർ, പള്ളിക്കൽ, മടവൂർ തുടങ്ങി ആറ് പഞ്ചായത്തുകളിലായി വിവിധ പ്രദേശങ്ങളിൽ മുന്നൂറോളം അനധികൃത അറവു ശാലകളാണ് പ്രവർത്തിക്കുന്നത്. ഒരു പരിശോധനയും ഇല്ലാതെയാണ് ഇവിടെ ആടുമാടുകളുടെ മാംസം വില്ക്കുന്നതെന്ന് പരാതിയുണ്ട്. വെറ്ററിനറി ഡോക്ടറുടെ സാന്നിധ്യത്തിൽ രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ആടുമാടുകളെ മാത്രമേ അറുക്കാനും, വില്പന നടത്താനും പാടുള്ളൂ എന്ന കർശനമായ വ്യവസ്ഥ ലംഘിച്ചാണ് പല അറവുശാലകളുടെയും പ്രവർത്തനം. കല്ലമ്പലം, മണമ്പൂർ, കരവാരം, തോട്ടയ്ക്കാട്, കടമ്പാട്ടുകോണം , ഒറ്റൂർ, ഞെക്കാട് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അനധികൃത അറവുശാലകളുണ്ടെന്ന് പഞ്ചായത്ത് അധികൃതർ തന്നെ സമ്മതിക്കുന്നു. ഇവരുടെ കണ്ണിൽപ്പെടാതെ പ്രവർത്തിക്കുന്ന അറവുശാലകൾ ഒട്ടനവധിയാണ്. കൂടുതലും അറവുശാലകൾ പ്രവർത്തിക്കുന്നത് ഞായാറാഴ്ച ദിവസങ്ങളിൽ മാത്രമാണ്. മതകേന്ദ്രങ്ങൾ, ജനവാസകേന്ദ്രങ്ങൾ എന്നിവയ്ക്ക് സമീപം പ്രവർത്തിക്കുന്നവയും വിരളമല്ല. നടപടികൾ ആവശ്യപ്പെട്ട്‌ പൊതുജനങ്ങൾ ഇതിനകം നിരവധി പരാതികൾ നൽകിയിട്ടും പരിഹാരമകലെയാണ്. മിക്ക പഞ്ചായത്തുകളിലും അംഗീകൃത അറവുശാലകൾപോലും പ്രവർത്തനസജ്ജമായിട്ടില്ലെന്നതാണ് ഏറെ പരിതാപകരം. നാവായിക്കുളം പഞ്ചായത്തിൽ അറവുശാലയ്ക്കുവേണ്ടി കഴിഞ്ഞ ഭരണസമിതി എട്ടുലക്ഷത്തിന്റെ പദ്ധതി നടപ്പാക്കിയെങ്കിലും ഫലം കാണാതെപോയി. അത് നടപ്പാക്കാൻ തുടർന്ന് വന്ന ഭരണ സമിതി മെനക്കെട്ടില്ലെന്നും ആക്ഷേപമുണ്ട്. കരവാരം, ഒറ്റൂർ, മണമ്പൂർ എന്നീ പഞ്ചായത്തുകളിലും സ്ഥിതി വ്യത്യസ്ഥമല്ല . ഈ പ്രദേശങ്ങളിൽ പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുള്ള അറവുശാലകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിശോധനകളില്ലെന്ന് പരാതിയുണ്ട്. അറവുശാലകൾ വർഷാവർഷം ലേലത്തിൽ കരാറുകാരന് നൽകുന്നതൊഴിച്ചാൽ അടിസ്ഥാനസൗകര്യ വികസനത്തിന് ഒന്നും ചെയ്യാറില്ല . ഇതിന്റെ പേരിൽ വൻതുക പിരിക്കുന്നതായും ആക്ഷേപമുണ്ട്. കല്ലമ്പലം, തോട്ടയ്ക്കാട്, മണമ്പൂർ, നാവായിക്കുളം, ഡീസന്റ്മുക്ക്, പുല്ലൂർമുക്ക്, കപ്പാംവിള ഭാഗങ്ങളിൽ ഒരു മറപോലുമില്ലാതെയാണ് ഇറച്ചി വില്പന. വൃത്തി ഹീനമായ സ്ഥലത്താണ് അറവുശാലകൾ പ്രവർത്തിക്കുന്നത്. എന്നിരുന്നാലും വിലയിൽ കുറവൊന്നുമില്ല. നാവായിക്കുളം, കടമ്പാട്ടുകോണം, കരവാരം, പള്ളിക്കൽ പ്രദേശങ്ങളിൽ അറവുശാലകളിലെ മാലിന്യം കവറിനുള്ളിലാക്കി അടുത്തിടെ തള്ളിയത് ജനജീവിതം ദുരിതമയമാക്കി.

പോത്തിറച്ചി(കിലോ)........380- 400

ആട്ടിറച്ചി................700-800

അനധികൃത അറവുശാലകൾ ഇവിടെ

കല്ലമ്പലം, മണമ്പൂർ, കരവാരം, തോട്ടയ്ക്കാട്, കടമ്പാട്ടുകോണം , ഒറ്റൂർ, ഞെക്കാട്

ജനവാസകേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന അറവുശാലകൾ പുറന്തള്ളുന്ന മാലിന്യം രോഗഭീക്ഷണി ഉയർത്തുന്നുണ്ട്. രോഗങ്ങൾ പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ അനധികൃത അറവുശാലകൾ നിർത്തലാക്കി ആരോഗ്യകരമായ സാഹചര്യം സൃഷ്ടിക്കാൻ അധികൃതർ തയാറാകണം.

മേനാപ്പാറ സുകുമാരൻ

പൊതു പ്രവർത്തകൻ