നെയ്യാറ്റിൻകര: മാമ്പഴക്കരയിൽ വീടുകയറിയുള്ള ആക്രമണത്തിൽ അച്ഛനും മകനും പരിക്കേറ്റു. പഴിഞ്ഞിക്കുഴി കല്ലുപാലത്തിന് സമീപം മണ്ണാംവിള ശ്രീരാഗം വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രി 8 മണിക്കായിരുന്നു സംഭവം.
വീട്ടിലേക്ക് ഇരച്ചു കയറിയ അക്രമികൾ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന് കേടുപാടുകൾ വരുത്തുകയും വീടിന്റെ ജനാൽ ചില്ലുകളും കതകുകളും അടിച്ച് തകർക്കുകയുമായിരുന്നു. ആക്രമണത്തിൽ സച്ചിനും പിതാവായ ശ്രീകുമാറിനും പരിക്കുപറ്റി.
നാട്ടുകാർ ഓടിക്കൂടിയെങ്കിലും പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെ തുടർന്ന് ആർക്കും തടുക്കാൻ കഴിഞ്ഞില്ല. ഒടുവിൽ പൊലീസ് എത്തിയശേഷമാണ് സച്ചിനെയും ശ്രീകുമാറിനെയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പഴുതൂർ സ്വദേശി സുജിത് (24), ശിവകുമാർ(24) എന്നിവരെ നെയ്യാറ്റിൻകരയിൽ നിന്നും പൊലീസ് പിടികൂടി.
നെയ്യാറ്റിൻകര എസ്.ഐമാരായ ആദർശ്, രാജേഷ്, പൊലീസുകാരായ രാധാകൃഷ്ണൻ, സെബാസ്റ്റ്യൻ, ഷിബിൻ, രാജേഷ്, സുഗതൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.