സ്റ്റേഷനുകളിൽ കൊവിഡ് നിയന്ത്രണം ശക്തമാക്കി, മാസ്കില്ലാത്തവർക്ക് പിഴ
തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം വ്യാപനം കൂടുന്നുണ്ടെങ്കിലും ട്രെയിൻ സർവീസുകൾ കുറയ്ക്കുകയോ,നിറുത്തിവയ്ക്കുകയോ ചെയ്യില്ലെന്ന് റെയിൽവേ. 7613 ട്രെയിനുകൾ പ്രതിദിനം രാജ്യത്ത് സർവീസ് നടത്തുന്നുണ്ട്.യാത്രയ്ക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കില്ല. എന്നാൽ കരുതൽ ശക്തമാക്കും. മാസ്കില്ലാതെ യാത്ര ചെയ്താൽ പിഴ ഇൗടാക്കാൻ റെയിൽവേ പൊലീസിനെ നിയോഗിക്കും.
ഇന്നുമുതൽ രാജ്യത്തെ ശതാബ്ദി, ഹംസഫർ, ട്രെയിനുകളെല്ലാം സർവീസ് തുടങ്ങുകയാണ്. ഡിമാൻഡുള്ള റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിനുകളോടിക്കും. അവധിക്കാല തിരക്കുള്ള സ്ഥലങ്ങളിലും കൂടുതൽ ട്രെയിനുകളോടിക്കും.
ഇന്നലെ ഡൽഹിയിൽ ചേർന്ന റെയിൽവേ ബോർഡ് യോഗമാണ് സർവീസുകൾ നിറുത്തിവയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
പാസഞ്ചർ വൈകും
റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാവുന്ന കോച്ചുകൾ പുനഃസ്ഥാപിക്കുന്നതും പാസഞ്ചർ സർവീസുകൾ തുടങ്ങുന്നതും വൈകാനിടയുണ്ട്. കേരളത്തിൽ ഗുരുവായൂർ - പുനലൂർ പാസഞ്ചർ മാത്രമാണ് ജനറൽ കോച്ചുമായി സർവീസ് നടത്തുന്നത്. അത് തുടരും.
#പ്രചരിക്കുന്ന വീഡിയോ വ്യാജം
റെയിൽവേ സ്റ്റേഷനുകളിൽ വൻതിരക്ക് എന്ന പേരിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് റെയിൽവേ വാർത്താകുറിപ്പിൽ അറിയിച്ചു. പി.ഐ.ബി.യുടെ ഫാക്ട് ചെക്ക് വിഭാഗം ഒരുവർഷം മുമ്പ് എടുത്ത വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണ്.ഇത് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടിയെടുക്കും.
# മാസ്ക്കില്ലെങ്കിൽ പിഴ
യാത്രക്കാരെ മാസ്കില്ലാതെ ട്രെയിനിലോ,പ്ളാറ്റ് ഫോമിലോ കണ്ടാൽ പിഴശിക്ഷ വിധിക്കുമെന്ന് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ആർ. മുകുന്ദ് അറിയിച്ചു.
പ്ളാറ്റ്ഫോം ടിക്കറ്റ് നൽകില്ല. കൺഫേം ചെയ്ത ടിക്കറ്റ് ഉള്ളവർ മാത്രമേ സ്റ്റേഷനിൽ പ്രവേശിക്കാവൂ. പോകേണ്ട സ്ഥലവും മറ്റ് വിവരങ്ങളും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നിർബന്ധമാക്കും.
പേട്ട റെയിൽവേ ആശുപത്രിയിൽ എല്ലാ ജീവനക്കാർക്കും കൊവിഡ് വാക്സിൻ നൽകാനും ജീവനക്കാരുടെ കൊവിഡ് നിരീക്ഷിക്കാൻ പ്രത്യേക മെഡിക്കൽ ടീമിനെ സജ്ജമാക്കാനും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.