covid-vaacine

 ക്രഷ് ദ കർവ് -വാ‌ക്‌സിനേഷൻ കാമ്പയിൻ

 ചടങ്ങുകളിൽ ആൾക്കൂട്ടം ഒഴിവാക്കണം

 45 കഴിഞ്ഞവർക്ക് വാക്സിൻ ഉറപ്പാക്കും

തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗം ചെറുക്കാൻ വാ‌ക്‌സിനേഷൻ ശക്തിപ്പെടുത്തുന്ന നടപടികളുമായി ആരോഗ്യവകുപ്പ്. നിലവിൽ ജനങ്ങൾ സ്വമേധയാ വാ‌ക്‌‌സിനെടുക്കാൻ എത്തുകയാണ്. വരും ദിവസങ്ങളിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി പരമാവധി പേരെ വാ‌ക്‌സിനേഷന് പ്രേരിപ്പിക്കും. ക്രഷ് ദ കർവ് എന്ന പേരിലാണ് വാ‌ക്‌സിനേഷൻ കാമ്പയിൻ. ഇന്നലെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

60 വയസ് കഴിഞ്ഞവരും 45 വയസിന് മുകളിലുള്ളവരും വാക്‌സിൻ എടുത്തെന്ന് ഉറപ്പു വരുത്തും.

വരും ദിവസങ്ങളിലെ രോഗബാധിതരുടെ എണ്ണം വിലയിരുത്തിയ ശേഷം കടുത്ത നിയന്ത്രണം വേണോയെന്ന് തീരുമാനിക്കും. മൂന്നു ദിവസമായി രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ചടങ്ങുകളിൽ ആൾക്കൂട്ടം ഒഴിവാക്കണം.

 രോഗികൾ 5063

പ്രതിദിന രോഗികളുടെ എണ്ണം 54ദിവസത്തിന് ശേഷം വീണ്ടും 5000 കടന്നു. 5063 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 63,240 സാമ്പിളുകളാണ് പരിശോധിച്ചത്. 8.01 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 25 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 22 മരണം റിപ്പോർട്ട് ചെയ്തു.

 വീട്ടിൽ ചികിത്സ തുടരും

ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത കൊവിഡ്‌ രോഗികൾക്ക് വീട്ടിലെ ചികിത്സ തുടരും. അതിനുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിലേ അനുവദിക്കൂ. ആശുപത്രികൾ കൂടുതൽ സജ്ജമാക്കും. ഗുരുതരരോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ മെഡിക്കൽകോളേജുകളിൽ വർദ്ധിപ്പിക്കും. ഐ.സി.യു, വെന്റിലേറ്റർ തുടങ്ങിയവ സജ്ജമാക്കും. രോഗികളുടെ എണ്ണം കൂടിയാൽ അതത് പ്രദേശങ്ങളിൽ സി.എഫ്.എൽ.ടി.സികൾ വർദ്ധിപ്പിക്കും.

ആകെ രോഗികൾ 1154010

ചികിത്സയിലുള്ളവർ 36,185

രോഗമുക്തർ 11,12,758

ആകെ മരണം 4750