road

കഴക്കൂട്ടം: ഐ.ടി നഗരത്തിന്റെ തിലകക്കുറിയാകേണ്ട എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന് വേഗത പോരെന്ന് ആക്ഷേപം. സർവീസ് റോഡുകളുടെ നിർമ്മാണം വൈകുന്നതോടെ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. തിരക്കുള്ള റോഡ് പൂർണമായി അടച്ചിടുകയോ ചെറിയ വാഹനങ്ങൾ ഇതുവഴി കടത്തിവിട്ടുകൊണ്ട് വലിയ വാഹനങ്ങൾ വഴിതിരിച്ച് വിടുകയോ ചെയ്യണമെന്ന് നിർമ്മാണക്കമ്പനി അധികൃതർ പറയുന്നു. കഴക്കൂട്ടം വഴി വാഹന യാത്രക്കാർ കഷ്ടപ്പെട്ടാണ് കടന്നുപോകുന്നത്. മഴപെയ്‌താൽ അപകടം വരുത്തുന്ന ചെളിക്കുളവും വെയിലത്ത് അതിരൂക്ഷമായ പൊടിപടലവുമാണ് പ്രധാന വെല്ലുവിളി. നിലവിൽ റോഡിന്റെ ഒരുവശത്ത് മാത്രമേ സർവീസ് റോഡിന്റെ നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞുള്ളൂ. മറുവശത്ത് ഓടപോലും ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മന്ത്രി നേരത്തെ ഇക്കാര്യത്തിൽ ഇടപെട്ടിരുന്നെങ്കിലും തിരഞ്ഞെടുപ്പ് വന്നതോടെ നിർമ്മാണം വൈകുകയായിരുന്നു. ബൈപ്പാസ് ജംഗ്ഷൻ മുതൽ സി.എസ്.ഐ ആശുപത്രി വരെയുള്ള 1.2 കിലോമീറ്റർ ദൂരത്തിൽ 22 കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്ന ജോലി ഇതിനകം പൂർത്തിയായിട്ടുണ്ട്. ദേശീയപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടാണ് കഴക്കൂട്ടത്ത് മിഷൻ ആശുപത്രി മുതൽ ടെക്നോപാർക്ക് ഫേസ് ത്രീ വരെ എലിവേറ്റഡ് ഹൈവേ നിർമ്മാണം ആരംഭിച്ചത്.

എലിവേറ്റഡ് ഹൈവേ

 2.72 കിലോമീറ്റർ നീളം,​

 195 കോടി ചെലവ്

​ 45 മീറ്റർ വീതി

എലിവേറ്റഡ് ഹൈവേ

സംസ്ഥാനത്തെ തന്നെ ഏറ്റവും നീളമേറിയ ഫ്ളൈഒാവർ ആയ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഒക്ടോബറിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഐ.ടി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 2019 ഫെബ്രുവരിയിലാണ് ടെക്നോപാർക്ക് ഫേസ് ത്രീ മുതൽ കഴക്കൂട്ടം സി.എസ്.ഐ മിഷൻ ആശുപത്രി വരെ എലിവേറ്റഡ് ഹൈവേ നിർമ്മാണം ആരംഭിച്ചത്. ആർ.ഡി.എസ് - സി.വി.സി.സി കമ്പനികൾക്കാണ് പദ്ധതിയുടെ നിർമ്മാണച്ചുമതല.

ഗതാഗതക്കുരിക്ക് വലിയ പ്രതിസന്ധിയാണ്.

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയാൽ മാത്രമേ

ജോലികൾ വേഗത്തിലാക്കാൻ കഴിയൂ

കേണൽ എം.ആർ. നായർ

പ്രോജക്ട് വൈസ് പ്രസിഡന്റ്

ആർ.ഡി.സി കമ്പനി