തിരുവനന്തപുരം: മിക്ക ജില്ലകളിലും തപാൽ വോട്ടിൽ ഇരട്ടിപ്പുള്ളതായി കണ്ടെത്തൽ. ഇതേക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മണ്ഡലപരിധിയിൽ ഏപ്രിൽ രണ്ടിന് വോട്ടിട്ട സ്‌കൂൾ അദ്ധ്യാപകനാണ് വീണ്ടും തപാൽ വോട്ടിനുള്ള പോസ്റ്റൽ ബാലറ്ര് കിട്ടിയത്. ഇതേക്കുറിച്ച് അന്വേഷിക്കാൻ റിട്ടേണിംഗ് ഓഫീസർമാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
പാറശാലയിലും തപാൽ വോട്ട് ഇരട്ടിപ്പ് കണ്ടെത്തി. നേരത്തെ വോട്ട് രേഖപ്പെടുത്തിയ വാട്ടർ അതോറിട്ടി ജീവനക്കാരനാണ് പോസ്റ്റൽ ബാലറ്റ് കിട്ടിയത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് തപാൽ വോട്ട് ചെയ്യാൻ ഇത്തവണ പ്രത്യേക കേന്ദ്രങ്ങൾ സജ്ജമാക്കിയിരുന്നു. ഏപ്രിൽ ഒന്നു മുതൽ മൂന്ന് വരെ തീയതികളിലായിരുന്നു ഇതിനുള്ള സൗകര്യം. ഇങ്ങനെ വോട്ടിടാത്തവർക്കാണ് ഇപ്പോൾ പോസ്റ്റൽ ബാലറ്റ് എത്തിക്കൊണ്ടിരിക്കുന്നത്.