തിരുവനന്തപുരം: കരമന കിള്ളിപ്പാലത്തെ അപ്പാർട്ട്മെന്റിൽ പെൺവാണിഭസംഘം യുവാവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന. രണ്ട് പ്രതികൾ കൂടി സംഘത്തിൽ ഉള്ളതായും ഇതിൽ ഒരാൾ സ്ത്രീയാണെന്നുമാണ് അറിവ്. ആറ്റുകാൽ സ്വദേശി നവീൻ സുരേഷ്, കാട്ടാക്കട സ്വദേശി ചിക്കു, നെടുമങ്ങാട് സ്വദേശി ഷീബ, മലയിൻകീഴ് സ്വദേശി സജീവ് എന്നിവരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഒന്നാം പ്രതി നവീൻ സുരേഷുമായാണ് കൊല്ലപ്പെട്ട വൈശാഖിന് അടുപ്പമുണ്ടായിരുന്നത്. നഗരത്തിലെ പെൺവാണിഭത്തിന്റെ പ്രധാന കണ്ണിയാണ് നവീൻ സുരേഷെന്നാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ട വൈശാഖിന്റെ മൊബൈൽ ഫോൺ പൊലീസിന് ലഭിച്ചിട്ടില്ല. അപ്പാർട്ട്മെന്റ് പരിസരത്ത് ഫോൺ തെറിച്ച് വീണിട്ടുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നു. വൈശാഖിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.