വർക്കല: ഏറെ തിരക്കുള്ള വർക്കല പാലച്ചിറ ജംഗ്ഷനിൽ ട്രാഫിക് ഐലൻഡ് സംവിധാനം ഉൾപ്പെടെയുള്ള ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ വേണമെന്നാവശ്യം ശക്തം. നാല് പ്രധാന റോഡുകൾ ചേരുന്ന പാലച്ചിറ ജംഗ്ഷനിൽ വാഹന അപകടങ്ങളുടെ ഗ്രാഫ് കുത്തനെ ഉയരുകയാണ്. ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളും പൊലീസും മോട്ടോർ വാഹന വകുപ്പും ഇതുവരെ ഒരു നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
വർക്കല - കല്ലമ്പലം പ്രധാന പാത കടന്നുപോകുന്ന ഭാഗമാണിത്. ഇവിടെ നിന്നാണ് ഇരു ഭാഗങ്ങളിലേക്കായി ചെറുന്നിയൂർ, വട്ടപ്ലാമൂട് റോഡുകൾ തിരിയുന്നത്. സദാസമയവും ഇവിടെ വാഹനതിരക്കാണ്.
മറ്റു റോഡുകളിൽ നിന്നും പ്രധാന റോഡിലേക്ക് വാഹനങ്ങൾ കടക്കുമ്പോൾ അപകടങ്ങളും പതിവാണ്. മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും റോഡ് മുറിച്ച് കടക്കുന്നതിന് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്.
പാലച്ചിറ ജംഗ്ഷനിൽ ട്രാഫിക് നിയന്ത്രിക്കുന്നതിന് പൊലീസിനെ നിയമിക്കുന്നതിന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന്. ഹോം ഗാർഡിനെ നിയോഗിക്കണമെന്ന ആവശ്യവും അധികൃതർ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
റോഡുകൾ വന്നുചേരുന്നതിനഭിമുഖമായി കോൺവെക്സ് മിറർ സ്ഥാപിക്കണമെന്നാവശ്യവും നടപ്പായിട്ടില്ല. ഏറെ നാളുകൾക്ക് മുൻപ് ഗതാഗതനിയന്ത്രണത്തിന് പൊലീസിനെ നിയോഗിച്ചിരുന്നെങ്കിലും പിന്നീട് ഇവരെ ഇവിടെ നിന്നും ഒഴിവാക്കി.
പാലച്ചിറ ജംഗ്ഷന് സമീപത്തെ പുറമ്പോക്ക് ഭൂമി ഏറ്റെടുത്തു റോഡിന് വീതി കൂട്ടിയാൽ സ്ഥലപരിമിതി മറികടന്ന് ട്രാഫിക് ഐലൻഡ് സ്ഥാപിക്കാനാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. അപകടവും അപകടമരണങ്ങളും സംഭവിക്കുമ്പോഴും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഓടിയെത്തി വാഗ്ദാനങ്ങൾ നൽകി പിൻവാങ്ങുകയാണ് പതിവ്. അപകടത്തുരുത്തായി മാറുന്ന പാലച്ചിറ ജംഗ്ഷനിൽ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആവശ്യങ്ങൾ
തിരക്കുള്ള സമയങ്ങളിൽ പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കണം
ട്രാഫിക് സിഗ്നൽ സംവിധാനം
ട്രാഫിക് ഐലൻഡ്
സീബ്ര ലൈൻ എന്നിവ ക്രമീകരിക്കണം.
ബസ് നിറുത്തുന്നതും ജംഗ്ഷനിൽ
വർക്കല ഭാഗത്തേക്കുള്ള ബസുകൾ നിറുത്തുന്നത് ജംഗ്ഷനിലാണ്. കുറച്ച് മുന്നിൽ ബസ് സ്റ്റോപ്പും ബസ്ബേയുമുണ്ടെങ്കിലും അവിടെ നിറുത്താറില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവൃത്തി ദിനങ്ങളിൽ രാവിലെയും വൈകുന്നേരവും വിദ്യാർത്ഥികളുടെ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. നിരവധി വ്യാപാരസ്ഥാപനങ്ങളുംഇവിടെ പ്രവർത്തിക്കുന്നുണ്ട്.
അനധികൃത ചന്ത കുരുക്കാകുന്നു
ജംഗ്ഷനിലെ മദ്ധ്യഭാഗത്തായി അനധികൃത മീൻ കച്ചവടം പൊടിപൊടിക്കുകയാണ്. അനധികൃത മത്സ്യവില്പ്പന ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. വട്ട പ്ലാമൂട് റോഡ് തുടങ്ങുന്നതിന്റെ വലത് ഭാഗത്താണ് ചന്ത പ്രവർത്തിക്കുന്നത്. മത്സ്യ കച്ചവടം നടത്തുന്നവർക്ക് പാലച്ചിറ ജംഗ്ഷന് സമീപം സുരക്ഷിത സ്ഥലം ഒരുക്കി നൽകുന്നതിന് പഞ്ചായത്ത് നടപടികൾ സ്വീകരിക്കുന്നില്ല.