തിരുവനന്തപുരം: ബന്ധുനിയമനത്തിൽ മന്ത്രി കെ.ടി.ജലീൽ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയതിനാൽ ആ പദവിയിൽ തുടരാൻ അർഹനല്ലെന്ന് ലോകായുക്ത ഉത്തരവിട്ടു. മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന ശുപാർശ മുഖ്യമന്ത്രിക്ക് നൽകാനും ലോകായുക്ത ജസ്റ്റിക് സിറിയക് ജോസഫും ഉപ ലോകായുക്ത ജസ്റ്റിസ് ഹാരുൺ ഉൾ റഷീദും ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.
അടുത്ത ബന്ധുവായ വളാഞ്ചേരി സ്വദേശി കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരായി ജലീൽ നിയമിച്ചതിനെതിരെ എടപ്പാൾ സ്വദേശി വി.കെ.മുഹമ്മദ് ഷാഫി നൽകിയ പരാതിയിലാണ് ഉത്തരവ്. ലോകായുക്ത ഉത്തരവ് വന്നതോടെ ജലീലിനെ പുറത്താക്കണമെന്ന ആവശ്യം പ്രതിപക്ഷം വീണ്ടും ഉന്നയിച്ചിട്ടുണ്ട്.
പ്രതിപക്ഷ പ്രക്ഷോഭത്തെ തുടർന്ന് നിയമന ഉത്തരവ് നേരത്തേ പിൻവലിച്ചിരുന്നു. കെ.ടി.ജലീലിനെ കൂടാതെ ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രൊഫ.എ.പി.അബ്ദുൾ വഹാബ്,മാനേജിംഗ് ഡയറക്ടർ എ.അക്ബർ,കെ.ടി.അദീബ് എന്നിവരാണ് മറ്റ് കക്ഷികൾ.
ലോകായുക്തയുടെ കണ്ടെത്തലുകൾ
ബന്ധുവിനെ നിയമിക്കാൻ അയാളുടെ അധിക യോഗ്യത തസ്തികയ്ക്ക് വേണമെന്ന് ജലീൽ നിർദ്ദേശിച്ചത് കോർപറേഷൻ ആവശ്യപ്പെടാതെ
അപേക്ഷിക്കാനുളള യോഗ്യത ബി.ടെക് ബിരുദം. എന്നാൽ, അദീബിൻെറ യോഗ്യത പി.ജി ഡിപ്ളോമ ഇൻ ബാങ്കിംഗ് അഡ്മിനിസ്ട്രേഷൻ
ആ യോഗ്യതയുള്ളവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് മന്ത്രി നിർദ്ദേശിച്ചു. ഇത് സ്വജനപക്ഷപാതം കാട്ടാനുള്ള തന്ത്രമായിരുന്നു
ഇന്റർവ്യൂവിൽ പോലും പങ്കെടുക്കാതെയാണ് അദീബിന് നിയമനം നൽകിയത്. ഇതിനായി ജലീൽ മന്ത്രി പദവി ദുരുപയോഗം ചെയ്തു