തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വീണ എസ്.നായരുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ ആക്രിക്കടയിൽ വിറ്റ സംഭവത്തിൽ കോൺഗ്രസ് കുറവൻകോണം മണ്ഡലം ട്രഷറർ വി.ബാലുവിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അറിയിച്ചു. ഡി.സി.സി നിയോഗിച്ച സമിതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും മണ്ഡലം, വാർഡ്, ബൂത്ത് കോൺഗ്രസ് കമ്മിറ്റികളോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നെയ്യാറ്റിൻകര സനൽ അറിയിച്ചു.
സംഭവം പാർട്ടി അന്വേഷിക്കട്ടെയെന്ന് വീണ.എസ്.നായർ പ്രതികരിച്ചു. തന്നോടൊപ്പം നിന്നവർ ഇങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. പാർട്ടി തന്നെ ഏൽപ്പിച്ച ദൗത്യം താൻ ഭംഗിയായി ചെയ്തു. വട്ടിയൂർക്കാവിലെ പ്രചാരണ പ്രവർത്തനങ്ങളിൽ തോന്നിയ അതൃപ്തികൾ അതത് സമയത്ത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും വീണ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നന്തൻകോട്ടുള്ള ആക്രിക്കടയിൽ വീണ നായരുടെ പ്രചാരണത്തിനായി അച്ചടിച്ച 50 കിലോ പോസ്റ്ററുകൾ വിറ്റത്. കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ മ്യൂസിയം പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസ് ഇന്നലെ ബാലുവിന്റെ വീട്ടിൽ പോയെങ്കിലും വീട് പൂട്ടിയിട്ടിരുന്നു. ഫോൺ സ്വിച്ച് ഓഫാണെന്നും പൊലീസ് അറിയിച്ചു.