നെടുമങ്ങാട്: മുപ്പതടിയിലേറെ ഉയർന്ന പാറകളിൽ ഗ്രോബാഗ് കൃഷി ചെയ്ത് മിന്നും വിളവ് കരസ്ഥമാക്കുകയാണ് താന്നിമൂട് പ്രദേശത്തെ വീട്ടമ്മമാർ. നാന്നൂറ് ഗ്രോബാഗുകളിലായി ചീരകൃഷി, മൂന്നുറിലധികം ഗ്രോബാഗിൽ വെണ്ടയും പയറും തക്കാളിയും. പാറപ്പുറത്തെ തലയെടുപ്പുള്ള കൃഷിക്കാഴ്ചകളിൽ ആവേശം പൂണ്ട്, രണ്ടാം ഘട്ടമായി ഇഞ്ചിയും മഞ്ഞളും കൃഷി തുടങ്ങിയിട്ടുണ്ട്. തികച്ചും ജൈവ കൃഷിയാണ് നടത്തുന്നത്. തൊണ്ട് നിരത്തി പാറപ്പുറത്തെ ചൂട് ക്രമീകരിച്ച ശേഷമാണ് ഗ്രോബാഗിൽ മണ്ണ് നിറച്ച് വിത്ത് പാകുന്നത്. ആനാട് കൃഷി ഓഫീസർ എസ്. ജയകുമാറിന്റെ നിർദേശങ്ങൾ അനുസരിച്ചാണ് വീട്ടമ്മമാർ പാറപ്പുറം കൃഷിയിലേക്ക് കടനന്നത്. 'ഹരിതം കൃഷി കൂട്ടായ്മ" എന്ന പേരിൽ നാലംഗ വനിതാ കൂട്ടായ്മയാണ് പാറപ്പുറത്തെ മാതൃകാ കൃഷിയിൽ വിജയഗാഥ രചിച്ചത്. താന്നിമൂട് വാർഡ് മെമ്പർ ആനന്ദവല്ലിയും വീട്ടമ്മമാരോടൊപ്പം പാറപ്പുറത്തെ കൃഷിക്ക് നേതൃത്വം നൽകി. കഴിഞ്ഞ ദിവസം കൃഷി ആഫീസർ എസ്. ജയകുമാർ ആദ്യ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന ഭാരതീയ പ്രകൃതി കൃഷിയുടെ ഭാഗമായാണ് പാറപ്പുറത്ത് ഗ്രോബാഗ് കൃഷി ആരംഭിച്ചതെന്ന് കൃഷി ഓഫീസർ പറഞ്ഞു. ആനാട് ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ രണ്ടു മാസമായി നടന്നു വരുന്ന പ്രകൃതികൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി പാരമ്പര്യ കർഷകൻ വഞ്ചുവം കൂപ്പ് സ്വദേശി തോമസ് ആരംഭിച്ച വെള്ളരി, പയർ, പാവൽ കൃഷിയും വിളവെടുപ്പിവിന് തയ്യാറായി. 13 ആം തീയതി പഞ്ചായത്താകമാനം സംഘടിപ്പിച്ചിട്ടുള്ള വിഷു വിളവെടുപ്പോടെ പ്രകൃതിക്കൃഷിയുടെ ആദ്യ സമ്പൂർണ വിളവ് ഫലപ്രാപ്തിയിലെത്തും. പ്രകൃതിക്കൃഷിയെക്കുറിച്ചും പാറപ്പുറത്തെ ഗ്രോബാഗ് കൃഷി രീതികളെ പറ്റിയും അറിയാൻ താത്പര്യമുള്ളവർ 9496402551 എന്ന നമ്പറിൽ ബന്ധപ്പെടാം.