കൊയിലാണ്ടി: കോടതിവളപ്പിൽ പാർക്ക് ചെയ്ത വാഹനവ്യൂഹം വികലാംകർക്കും വൃദ്ധർക്കും പ്രയാസകരമാകുന്നു. വളപ്പും ഗേറ്റും കടന്ന് ദേശീയപാത വരെ വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. ജഡ്ജിന്റെ കാർ മുതൽ അഭിഭാഷകരുടെ കാറുകളാണ് ഈ മട്ടിൽ പാർക്ക് ചെയ്യുന്നത്. കോടതി കെട്ടിടസമുച്ചയത്തിൽ തന്നെയാണ് ട്രഷറിയും പ്രവർത്തിക്കുന്നത്. ഒരൊറ്റഗേറ്റാണ് കോടതിക്കും ട്രഷറിക്കും. എം.എ.സി.ടി കേസിലെ കക്ഷികൾക്കും പെൻഷൻ വാങ്ങാനെത്തുന്ന വൃദ്ധർക്കും ഓഫീസിലേക്ക് കടക്കാൻ പറ്റാത്ത മട്ടിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഒടുവിൽ ട്രഷറി ജീവനക്കാർ ഇടപെട്ടാണ് വാഹനങ്ങൾ നീക്കി ഇട്ടത്. ഗാർഡുകളുടെ അലംഭാവമാണ് പ്രശ്നത്തിന് കാരണമെന്ന് അഭിഭാഷകർ പറഞ്ഞു. പകൽ സമയത്ത് രണ്ടും രാത്രിയിൽ ഒരു ഗാർഡുമാണ്
ഡ്യൂട്ടിയെടുക്കേണ്ടത്. രാത്രി ഡ്യൂട്ടിക്കാരൻ പുലർച്ചെ അഞ്ച് മണിയോടെ ഗേറ്റ് തുറന്നിട്ട് പോകും. ഈ സമയത്ത് കോഴിക്കോട് വടകര ഭാഗങ്ങളിൽ ജോലിചെയ്യുന്നവർ വാഹനം കോടതിവളപ്പിൽ പാർക്ക് ചെയ്യാറാണ് പതിവ്. പത്തു മണിയോടെ കോടതി ജീവനക്കാരും അഭിഭാഷകരും എത്തുമ്പോൾ വാഹനം പാർക്ക് ചെയ്യാൻ ഇടമില്ലാതെ പ്രയാസപ്പെടും. ബസ് സ്റ്റാൻഡിന് സമീപത്താണ് കോടതി. ഇവിടെ വാഹനം പാർക്ക് ചെയ്ത് പോകാൻ എളുപ്പമാണ്. നേരത്തെ അനധികൃത വാഹനങ്ങൾക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി കോടതിയുടെ സ്ഥലം ഉപയോഗപ്പെടുത്തിയിരുന്നു. ഇതോടെ പാർക്കിംഗ് ഏരിയയുടെ വിസ്തൃതി കുറയുകയും ചെയ്തു. അന്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശമായി തടയണമെന്നാണ് അഭിഭാഷകർ ആവശ്യപ്പെടുന്നത്.