dronar

ആചാര ലംഘനത്തിന് ആര് മുതിർന്നാലും അതിനോട് മുഖം തിരിഞ്ഞ് നടക്കുന്നതാണ് നമ്മുടെ ശീലം. ആചാരസംരക്ഷണം മാത്രമാണ് നമ്മുടെ മുദ്രാവാക്യം. നമ്മൾ എന്നുവച്ചാൽ മഹാസാധു പിണറായി സഖാവ് തൊട്ട് ഈപിയണ്ണൈ ജയരാജൻ സഖാവും ചെഞ്ചോരപ്പൊൻകതിർ മറ്റേ ജയരാജൻസഖാവും ശുംഭൻ ഫെയിം അങ്ങേ ജയരാജൻ സഖാവും വരെ വരും.

നൂറ്റാണ്ട് പിന്നിട്ട ആചാരമാണ്. അത് ലംഘിച്ചാൽ ആചാര്യകോപം സുനിശ്ചിതം. ലെനിൻസഖാവും സ്റ്റാലിൻസഖാവും ചെയർമാൻ മാവോയും മറ്റും മറ്റും ആചാരങ്ങൾ എന്തുമാത്രം ത്യാഗം സഹിച്ചാണ് കൊണ്ടുനടന്നിട്ടുള്ളത്! എന്ത് മനോഹരമായ ആചാരം എന്ന് ഈ സന്ദർഭങ്ങളിലെല്ലാം ചിത്രം സിനിമയിലെ മോഹൻലാൽ പറയുന്നത് പോലെ, അവർ പറയാറുണ്ടായിരുന്നു. ഈ ആചാര്യന്മാരുടെ കോപം ചിന്തിക്കുക വയ്യ. അതിനാൽ എല്ലാ സീസണിലും ആചാരസംരക്ഷണത്തിനായി പാർട്ടി അങ്ങേയറ്റത്തെ പ്രതിജ്ഞാബദ്ധതയോടെ നില കൊള്ളുന്നു. നവോത്ഥാന മൂല്യസംരക്ഷണം, വനിതാമതിൽ തുടങ്ങി ആചാരലംഘനത്തിനാവശ്യമായ ടൂൾകിറ്റുകളുമായി ആരും ആ വഴിക്കൊന്നും വരാറില്ല. വന്നാൽ ആചാരസംരക്ഷണം സുഗമമായി കൊണ്ടുനടക്കുക ബുദ്ധിമുട്ടാവുമല്ലോ. അപ്പോൾ ചില കടുകടുത്ത വഴിയും സ്വീകരിക്കേണ്ടി വരും. അതിന് ബുദ്ധിമുട്ടുണ്ടായിട്ടൊന്നുമല്ല. ആരും വരാത്തതിനാൽ അതൊന്നും പ്രയോഗിക്കുന്നില്ലെന്ന് മാത്രം.

സീസൺ എന്നു പറഞ്ഞാൽ, പ്രധാനമായും ഈ തിരഞ്ഞെടുപ്പ് കാലം തന്നെ. ആചാര സംരക്ഷണത്തിന്റെ അനിവാര്യത ഉയരുന്നത് ഇക്കാലത്താണ്. രാഷ്ട്രീയ കൊലപാതകമൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും എന്നതാണ് ആചാരത്തിന്റെ രീതി. ഇത്തവണയും അതാണ് കണ്ണൂരിൽ സംഭവിച്ചിട്ടുള്ളത്. അല്ലാതെ സിൻഡിക്കേറ്റുകൾ പ്രചരിപ്പിക്കുമ്പോലെ വഴിയേ പോയ ചെറുക്കനെ ബോംബിട്ട് പുകച്ച് വെട്ടിക്കൊന്നതല്ല. പുകയ്ക്കുന്നതൊക്കെ ആചാര സംരക്ഷണത്തിന്റെ ഭാഗമാണെന്ന് ആർക്കാണറിയാത്തത്.

തിരഞ്ഞെടുപ്പല്ലാത്ത ചില സീസണുകളിലും ആചാരസംരക്ഷണം നടക്കാറുണ്ട്. അതിടയ്ക്കിടയ്ക്ക് സംഭവിക്കുന്നതാണ്. മറ്റുള്ള കൂട്ടരും സമാനമായ ആചാരം സംരക്ഷിക്കാൻ നിർബന്ധിതരാവുന്ന കടുകടുത്ത രാഷ്ട്രീയസാഹചര്യങ്ങൾ ഉരുത്തിരിഞ്ഞു വരാറുണ്ട്. ആചാരസംരക്ഷണം എല്ലാവർക്കും ദൗർബല്യമാകുന്ന സവിശേഷ സന്ദർഭങ്ങളിൽ എന്തു ചെയ്യാനാണ്! അതുകൊണ്ട് മാത്രമാണ് കൊലപാതക രാഷ്ട്രീയം ചൂടുപിടിച്ചു മുന്നേറുന്നത്. അത് അഭംഗുരം തുടരാനനുവദിക്കുന്നത് തന്നെയല്ലേ ഭംഗി!

..............................................

- ബഹുവർണ്ണ പോസ്റ്ററുകളുടെ വിശാല സാദ്ധ്യതകൾ ശരിയാംവണ്ണം തിരിച്ചറിയാൻ ലക്ഷണമൊത്ത കലാകാരനേ സാധിക്കൂ. ആക്രിക്കടകളിലൂടെ അതിന് കിട്ടുന്ന വിപണിമൂല്യം വിലമതിക്കാനാവാത്തതാണ്. അത് സാധാരണ മറ്റ് പാർട്ടികളിലുള്ള ആർക്കും തിരിച്ചറിയാൻ സാധിച്ചുവെന്ന് വരില്ല. കോൺഗ്രസ് പാർട്ടി അങ്ങനെയൊന്നല്ല. ആ പാർട്ടിക്കകത്ത് അടിമുടി കലാകാരന്മാരാണ്. സഹൃദയത്വവും കലാമൂല്യവും കാഴ്ചവയ്ക്കുന്ന കിങ്കരന്മാർക്ക് ഒരണ അംഗത്വം വാരിക്കോരി നൽകിയിട്ടുള്ളതിനാൽ കലാകാരന്മാരുടെ പടയാണ് പാർട്ടിയിൽ. കലാപ്രകടനം മൂത്ത് കലാപ്രതിഭയോ കലൈമാമണിയോ ആയാൽ സംഘടനാ ജനറൽസെക്രട്ടറി വരെയാകാനും മതി. കലൈമാമണി കേസിവേണുഗോപാൽജി അങ്ങനെ സംഘടനാ ജനറൽസെക്രട്ടറിയായ ദേഹിയാണ്. അദ്ദേഹത്തിന് സകല കലകളിലും പ്രാവീണ്യമുണ്ടെന്ന് ഇങ്ങ് ഹജൂർകച്ചേരി തൊട്ട് അങ്ങ് ഇന്ദ്രപ്രസ്ഥത്തിൽ വരെ അറിയാത്തവരായി ആരുമില്ല.

അത്രയും പോരില്ലെങ്കിലും അതിനോടടുത്ത് വരുന്നൊരു കലാകാരൻ വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി വീണ നായരുടെ പോസ്റ്ററുകളെടുത്ത് ആക്രിക്കടക്കാരന് വിറ്റുവെന്നത് വലിയ അപരാധമായി ചിലരെല്ലാം പറഞ്ഞുനടക്കുന്നുണ്ട്. വീണ നായർ ഒരു വശം ചരിഞ്ഞും നേരെ നിന്നും താടിക്ക് കൈ കൊടുത്തും പല്ലുകൾ കാട്ടിയും കാട്ടാതെയും ചിരിച്ചും ഒക്കെ നിൽക്കുന്ന പോസ്റ്ററുകളാണ് ആക്രിവിലയ്ക്ക് തൂക്കി വിൽക്കപ്പെട്ടത്. പോസ്റ്ററുകളുടെ വിപണിസാദ്ധ്യതകൾ നേരത്തേ തിരിച്ചറിഞ്ഞതിനാൽ പരിസരത്തെ ചുവരുകളിൽ പതിപ്പിക്കാതെ കലാകാരൻ പ്രത്യേകം എടുത്തുവച്ചതായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ചുവരുകളിൽ പതിപ്പിക്കേണ്ട കാര്യമുണ്ടോ? ഇല്ല!

ശരിക്കും പറഞ്ഞാൽ ഒരണ മെമ്പർഷിപ്പ് വളരെ നേരത്തേ ലഭിക്കേണ്ടിയിരുന്ന ആളാണ് ഈ കലാകാരൻ. ഇപ്പോൾ തന്നെ ആ ദേഹത്തിനകത്തെ കലാകാരനെ പോഷിപ്പിച്ച് വളർത്തിയെടുത്താൽ നാളെ രാഹുൽമോന്റെ സന്തതസഹചാരിയാകാവുന്ന സംഘടനാ ജനറൽസെക്രട്ടറി വരെയെത്തിക്കാമെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമുണ്ടാവേണ്ടതില്ല. എന്നാൽ, കലാകാരനിലെ കലാപ്രതിപത്തിയെ മുളയിലേ നുള്ളിക്കളഞ്ഞതിന് പിന്നിലെ യുക്തിയാണ് ഒട്ടും പിടി കിട്ടാത്തത്. അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെതിരെ പാലോട് രവിജിയുടെ നേതൃത്വത്തിൽ സംസ്കാരസാഹിതിയെങ്കിലും ശക്തമായി അപലപിക്കേണ്ടതാണ്!

........................................

- അസാദ്ധ്യമായത് സാദ്ധ്യമാക്കുന്ന ഭഗീരഥൻ എന്നാണ് ഇ. ശ്രീധരൻജിയെ ഭാ.ജ.പാക്കാർ വിശേഷിപ്പിക്കുന്നത്. ഞാനൊരു പാവം മൂഷികസ്ത്രീ എന്ന ഭാവത്തിലല്ലെങ്കിലും ശ്രീധരൻജിയും അതേതാണ്ട് ആസ്വദിച്ച് നടക്കുന്നുണ്ടായിരുന്നു.

പാലക്കാട്ട് താമരചിഹ്നത്തിൽ ശ്രീധരൻജി മത്സരിക്കാൻ തീരുമാനിച്ചതിൽ പിന്നെ എന്തെന്നില്ലാത്ത ഒരുതരം വൈബ്രേഷൻ അദ്ദേഹത്തിൽ സംഭവിച്ചതായി അതിവിദഗ്ദ്ധന്മാർ വിലയിരുത്തുന്നു. ശ്രീധരൻജി ചെറിയ കാര്യങ്ങൾ സ്വപ്നം കാണാറേയില്ലെന്ന് ആർക്കും അറിയാവുന്നതാണല്ലോ. സ്വപ്നം കാണാൻ ആരുടെയും ലൈസൻസ് വേണ്ടാത്തതിനാലും കുഞ്ഞുകാര്യങ്ങൾ സ്വപ്നം കണ്ട് വെറുതെ ഒരുറക്കം പാഴാക്കി കളയേണ്ടതില്ലെന്നതിനാലും സമയത്തിനും ഉറക്കത്തിനും പോലും വലിയ വില കല്പിക്കുന്നയാളായതിനാലും ശ്രീധരൻജിയുടേത് വലിയ സ്വപ്നം തന്നെയായി.

അതനുസരിച്ചാണ് ശ്രീധരൻജി മുഖ്യമന്ത്രിയായതും വോട്ടെണ്ണും മുമ്പേ പാലക്കാട്ട് എം.എൽ.എ ഓഫീസ് തുറന്നതും. വോട്ട് പെട്ടിയിലായതോടെ മുഖ്യമന്ത്രിയാകുന്നില്ല എന്ന് തീരുമാനിക്കാനുള്ള വിശാലമനസ്കത ശ്രീധരൻജിയിൽ നിന്നുണ്ടായതാണ് എടുത്തുപറയേണ്ട കാര്യം. പിണറായിസഖാവോ രമേശ് ജി ചെന്നിത്തലാജിയോ അങ്ങനെ ചിന്തിക്കുമോ? ഇല്ലാ!

ഉപ്പ് ചുമന്ന് നടക്കുന്നവനൊരു കപ്പല് കടലിലിറക്കാൻ മോഹം എന്ന് കുഞ്ചൻ നമ്പ്യാർ പാടിയതുമായി ശ്രീധരൻജിക്കുള്ള ബന്ധം കടലും കടലാടിയും തമ്മിലുള്ളത് പോലെ മാത്രമെന്ന് കൂടി ഓർമ്മിപ്പിച്ചുകൊള്ളുന്നു.

ഇ-മെയിൽ: dronar.keralakaumudi@gmail.com