നെയ്യാറ്റിൻകര: നെയ്യാറ്റിൻകര പട്ടണത്തിൽ ഇരുചക്രവാഹനങ്ങളുടെ നടപ്പാത കൈയേറിയുള്ള വാഹനപാർക്കിംഗ് കാൽനടയാത്രികരെ ബുദ്ധിമുട്ടിക്കുന്നു.
ആശുപത്രി ജംഗ്ഷൻ, ആലുംമൂട് ബസ് സ്റ്റാൻഡ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് നടപ്പാത കൈയേറി വാഹന പാർക്കിംഗ് കൂടിയത്.
കെ.എസ്.ആർ.ടി.സി ബസുകളും, ലോറികളും മറ്റും കടന്നു പോകുമ്പോൾ നടപ്പാത കൈയേറിയുള്ള വാഹന പാർക്കിംഗ് കാൽനട യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. തിരക്കേറിയ ആശുപത്രി ജംഗ്ഷനിൽ ദിനംപ്രതി പതിനായിരക്കണക്കിന് പേരാണ് വന്നു പോകുന്നത്. റോഡിന് മുകളിലായി ടൈയിൽസ് പാകി ഫുഡ്പാത്ത് നിർമ്മിച്ചിട്ടുണ്ടെങ്കിലും തിരക്കുള്ള സമയങ്ങളിൽ റോഡിലെ ടാറിംഗ് ഒഴിവാക്കി നടപ്പാതയിലൂടെ കാൽനടയാത്രക്കാർ സഞ്ചരിക്കുകയാണ്. ഈ സമയങ്ങളിൽ വാഹനങ്ങൾ സമാന്തരമായി വന്നാൽ അപകടങ്ങൾക്ക് സാദ്ധ്യത കൂടും.
നിരവധി കാൽനട യാത്രക്കാർ അപകടത്തിൽപ്പെടാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നെയ്യാറ്റിൻകര ട്രാഫിക് പൊലീസോ, നഗരസഭയോ അനധികൃത വാഹനപാർക്കിംഗ് നിരോധിച്ചില്ലെങ്കിൽ കാൽനട യാത്രക്കാരുടെ കാര്യം ബുദ്ധിമുട്ടിലാകും.