പെട്ടെന്നുണ്ടാകുന്ന ചെറുതും വലുതുമായ വേദന, ദീർഘനാൾ അനുഭവിക്കേണ്ടിവരുന്ന തീരാവേദന, മരുന്ന് കഴിച്ചും കഴിക്കാതെയും സഹിക്കാൻ കഴിയുന്നതും കഴിയാത്തതുമായ വേദന എന്നിങ്ങനെ വേദനകൾ പലവിധമാണ്.
ചില വേദനകൾക്ക് ഒരേ തീവ്രതയായിരിക്കും. മറ്റു ചിലത് വ്യക്ത്യധിഷ്ഠിതമായിരിക്കും. ഒരാൾക്ക് സഹിക്കാൻ കഴിയുന്ന അതേ വേദന മറ്റൊരാൾക്ക് ഒട്ടും സഹിക്കാൻ പറ്റാത്തതായിരിക്കാം. വേദനയുടെ തീവ്രത എന്നത് അവരവരുടെ മാനസിക ഭാവത്തിന് കൂടി അധിഷ്ഠിതമായിരിക്കുമെന്ന് സാരം.
വേദനാവിശേഷങ്ങൾ പലവിധമാണ്. കുത്തുന്നപോലെ, തുളയ്ക്കുന്ന പോലെ, അടിക്കുന്ന പോലെ, അമർത്തുന്ന പോലെ തുടങ്ങി വേദനകൾ പലവിധമാണ്.
ഇത്തരത്തിലുള്ള വേദനയുടെ സവിശേഷതകൾ ചില രോഗങ്ങളെ നിർണ്ണയിക്കുന്നതിന് ഉപകരിക്കാറുണ്ട്. ദീർഘനാൾ തുടരുന്ന ചില വേദനകൾക്കു പിന്നിൽ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള വാതരോഗങ്ങൾ, ഓസ്റ്റിയോ ആർത്രൈറ്റിസ്, ഫൈബ്രോമയാൾജിയ തുടങ്ങിയ രോഗങ്ങൾ കൂടി ഉണ്ടായിരിക്കാം. കാൻസർ, മൾട്ടിപ്പിൾ സ്ക്ലിറോസിസ്,
കുടൽപ്പുണ്ണ്, പിത്താശയത്തിൽ ഉണ്ടാകുന്ന രോഗങ്ങൾ എന്നിവയിൽ തുടർച്ചയായ വേദനയുണ്ടാകാം.
പെട്ടെന്നുണ്ടാകുന്നതും തീവ്രമായതും നിസാരമായി കരുതിയാലും അതിന് സാധിക്കാത്തതുമാണ് വേദന. വിരൽ മുറിയുമ്പോഴും തല ഇടിക്കുമ്പോഴും അസ്ഥി പൊട്ടുമ്പോഴുമൊക്കെ ഉണ്ടാകുന്ന വേദന ഇത്തരത്തിലുള്ളവയാണ്. ഇത്തരം ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ശരീരത്തിലുണ്ടാകുന്ന ഒരു പ്രതിപ്രവർത്തനമാണ് വേദന എന്നു പറയാം.
മാനസിക ഭാവങ്ങളുമായി ബന്ധപ്പെടുത്താവുന്ന വേദനയിൽപ്പെട്ടവയാണ് തലവേദന, പേശിവേദന, സന്ധിവേദന തുടങ്ങിയവ. അതുകൊണ്ടുതന്നെ ഇത്തരം വേദനകളുടെ തീവ്രത വൈകാരികമായി വേദനയെ കാണുന്നവർക്ക് വർദ്ധിക്കാനും സഹനശക്തിയുള്ളവർക്ക് കുറയാനും ഇടയുണ്ട്. ഇത്തരം വേദനകളും അതിനുള്ള ചികിത്സയും ഓരോരുത്തരിലും വ്യത്യസ്തമാണ്.
പേശിവേദനയുടെ കാരണങ്ങൾ പലപ്പോഴും അമിതമായ ഉൽകണ്ഠ, മനസ്സമാധാനക്കുറവ്, അമിത വ്യായാമം, അമിത അദ്ധ്വാനം, ചെറിയ ക്ഷതങ്ങൾ എന്നിവയാണ്.
ഓസ്റ്റിയോ ആർത്രൈറ്റിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഗൗട്ട്, ഉളുക്ക് തുടങ്ങിയ അസുഖങ്ങൾ കാരണവും ക്ഷതമേൽക്കുന്നതുകൊണ്ടും സന്ധിവേദനയുണ്ടാകാം. പകർച്ചപ്പനി, കൊവിഡ്, ഫൈബ്രോമയാൾജിയ, ചില ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ എന്നിവയിൽ ശരീരമാകെ വേദനിക്കാം.
കൃതൃമമധുരം, അധിക മധുരം, സംസ്കരിച്ച റെഡ്മീറ്റ്, ഗ്ളൂട്ടൻ അടങ്ങിയ ധാന്യങ്ങൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, മദ്യം, ഉപ്പ് മുതലായവ വേദനയുള്ളവർ കഴിക്കുന്നത് കുറയ്ക്കുകയോ ഒഴിവാക്കുകയോ വേണം.
വിറ്റാമിൻ ഡി, ഈസ്ട്രജൻ എന്നിവ കൂടുതലുള്ള കാച്ചിൽ, ചേന, സോയാബീൻ എന്നിവ, മഞ്ഞൾ, ഒമേഗാ–3, ഇഞ്ചി തുടങ്ങിയവ വേദനയെ കുറയ്ക്കുന്നവയാണ്.
പെട്ടെന്ന് വേദന കുറയ്ക്കാൻ വേദനാസംഹാരികൾ ഉപയോഗപ്പെടുമെങ്കിലും നീണ്ടുനിൽക്കുന്ന വേദനകൾക്കും മറ്റു രോഗങ്ങളെ തുടർന്നുള്ള വേദനകൾക്കും അവ തുടർച്ചയായി ഉപയോഗിക്കുന്നത് നല്ലതല്ല. തുടർച്ചയായി വേദനാസംഹാരികൾ ഉപയോഗിക്കുന്നവർക്ക് ഓക്കാനം, അമിതമായ ക്ഷീണം, തളർച്ച, അമിത വിയർപ്പ്, ചൊറിച്ചിൽ, വിഷാദം, രോഗപ്രതിരോധ ശേഷിക്കുറവ്, കൂടുതലായി വേദനാസംഹാരികൾ ശീലമാക്കേണ്ട അവസ്ഥ, ആവശ്യമില്ലാത്തപ്പോഴും മരുന്ന് കഴിക്കുന്നതിൽ സുഖം തോന്നുക തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടാകും.
വളരെ കൂടുതലായി വേദനാസംഹാരികൾ കഴിക്കുന്നവർക്ക് അൾസർ, ആന്തരിക രക്തസ്രാവം, വൃക്കരോഗം, കരൾ രോഗം, ഉയർന്ന രക്തസമ്മർദ്ദം,ശരീരമാകെ നീർക്കെട്ട് തുടങ്ങിയ അവസ്ഥകളുണ്ടാകും.
ചുരുക്കത്തിൽ, വേദന കുറയ്ക്കാനുള്ള മരുന്നുകൾ അത്യാവശ്യത്തിന് ഉപയോഗിക്കേണ്ടി വന്നേക്കാം. എന്നാൽ, അവ തുടർച്ചയായി ഉപയോഗിച്ച് കൂടുതൽ രോഗിയായി മാറാതിരിക്കാൻ ഡോക്ടറുടെ ഉപദേശം യഥാസമയം
ആവശ്യമാണ്.