editorial-

പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനും മറ്റുള്ളവർക്ക് ഹാനികരമാകാത്ത രീതിയിൽ പ്രചരിപ്പിക്കാനും ഇന്ത്യൻ ഭരണഘടന അനുമതി നൽകുന്നുണ്ട്. ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരമുള്ള അവകാശമാണിത്. അപൂർവം അവസരങ്ങളിൽ വ്യക്തികൾ ഈ അവകാശം ഉപയോഗിക്കാറുണ്ട്. മതം മാറിയുള്ള വിവാഹങ്ങളും മറ്റുമായി ബന്ധപ്പെട്ടാണത്. അതിന് ഇന്ത്യയിൽ തടസമില്ല. എന്നാൽ വ്യക്തികളിൽ നിന്ന് മാറി ചില സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പിന്തുണയോടെ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങൾ മുതലെടുത്തുകൊണ്ട് നടത്തുന്ന മതപരിവർത്തനങ്ങൾ എതിർക്കപ്പെടേണ്ടതു തന്നെയാണ്. കാരണം ഇങ്ങനെയുള്ള അവസരങ്ങളിൽ പ്രായപൂർത്തിയാകാത്ത അംഗങ്ങൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾ മതം മാറാറുണ്ട്. നിർബന്ധപൂർവമുള്ള മതം മാറ്റം തടയുന്നതിന് സംസ്ഥാനങ്ങൾക്കാണ് അധികാരമുള്ളത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിർബന്ധിത മതം മാറ്റത്തിന് പിഴയും ജയിൽ ശിക്ഷയും നൽകാൻ വ്യവസ്ഥയുള്ള നിയമങ്ങൾ നിലവിലുണ്ട്. ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്തും ചില നാട്ടുരാജാക്കന്മാർ മതം മാറ്റം തടയുന്നതിനുള്ള നിയമങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് മിഷണറിമാരുടെ വരവോടെയാണ് കൂട്ടത്തോടെയുള്ള മതം മാറ്റങ്ങൾ പലയിടത്തും അരങ്ങേറിയത്. ഹിന്ദുവിഭാഗത്തിലെ ഉന്നതർ എന്ന് സ്വയം അവകാശപ്പെടുന്നവർ പുലർത്തിയിരുന്ന നീചമായ ജാതി ഭ്രഷ്ട് കാരണം പിന്നാക്കാവസ്ഥയിലുള്ള പലരും ഒരു മോചനം എന്ന നിലയിൽ മറ്റ് മതങ്ങളിലേക്ക് പോവുകയും അവിടെയും രണ്ടാം തരം പൗരൻ എന്ന അവസ്ഥ നേരിടുകയും ചെയ്തതു കാരണം തിരിച്ചുവരികയും ചെയ്തിട്ടുണ്ട്.

ഹിന്ദുമതത്തിലെ ജാതി വിവേചനം സഹിക്കാതെ ദളിത് സമൂഹത്തിലെ പ്രകാശഗോപുരമായ അംബേദ്‌ക്കർക്ക് ഉൾപ്പെടെ ബുദ്ധമതം സ്വീകരിക്കേണ്ടി വന്നു. മനുഷ്യൻ ജാതിയുടെ പേരിൽ മനുഷ്യനെ അകറ്റിനിറുത്തുന്ന അവസ്ഥകളാണ് ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിച്ചത്. ഇതിനെതിരെയാണ് ഗുരുദേവൻ വിരൽചൂണ്ടിയത്. ഗുരുവിന്റെ കാലത്തും ഇന്നും ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം ജാതിയുടെ പേരിലുള്ള ഈ അകറ്റിനിറുത്തൽ തന്നെയാണ്. ഇനിയുള്ള കാലത്ത് സാമ്പത്തികമായ വളർച്ചയിലൂടെയും ജോലിയിലുള്ള മികവിലൂടെയും മാത്രമേ ഇതിനെ കുറച്ചെങ്കിലും നേരിടാനാകൂ. അതിനുള്ള അടിത്തറ ഉറപ്പിച്ചിട്ടാണ് ഗുരു വിടവാങ്ങിയത്. എല്ലാ മതങ്ങളുടെയും സാരം ഒന്നായതിനാൽ ഒരു മതത്തിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റം പ്രത്യേകിച്ച് യാതൊരു സിദ്ധിയും ആർക്കും നൽകുന്നില്ല എന്നും ഗുരു സംഭാഷണങ്ങളിൽ അർത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുമുണ്ട്.

മതവും കുടുംബവുമൊന്നും ഒരാൾ തിരഞ്ഞെടുക്കുന്നതല്ല. ജനനം കൊണ്ട് തന്നെ ഒരാൾക്ക് ലഭിക്കുന്നതാണ്. ജനനം മുതൽ മരണം വരെ ജീവിതമുഹൂർത്തങ്ങളിലെ പ്രത്യേക സന്ദർഭങ്ങളിൽ നടത്തപ്പെടുന്ന ആചാരങ്ങളും ചടങ്ങുകളും എല്ലാ മതങ്ങൾക്കുമുണ്ട്. അവയെ പരസ്‌പരം ആദരിക്കുകയും ബഹുമാനിക്കുകയുമാണ് ചെയ്യേണ്ടത്. മനുഷ്യന്റെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും നിർമ്മലമായ സ്നേഹഭാവനയോടെ സംഘടിതമായി ജീവിക്കുന്നതിനും വേണ്ടിയാണ് എല്ലാ മതങ്ങളും അവയുടെ ശിൽപ്പികൾ രൂപപ്പെടുത്തിയത്. പക്ഷേ ദൗർഭാഗ്യവശാൽ മതത്തിന്റെ പേരിലുള്ള വിദ്വേഷങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും പേരിലാണ് ലോകത്ത് ഏറ്റവും അധികം പേർക്ക് ജീവഹാനി ഉണ്ടായിട്ടുള്ളത്. സാമ്പത്തികവും സാമൂഹ്യവുമായ മേൽക്കൈയ്ക്ക് വേണ്ടി മതത്തെ അതിന് നേതൃത്വം നൽകുന്നവർ ഉപയോഗിക്കുമ്പോഴാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.

പതിനെട്ട് വയസ് കഴിഞ്ഞ ആർക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നൽകുന്നുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഈ അവകാശം ഭരണഘടനയിൽ ഉൾപ്പെടുത്തിയതിന് കൃത്യമായ കാരണമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തുല്യനീതിയും ഭരണഘടനയും അടിസ്ഥാനമാക്കുന്ന സുപ്രീംകോടതിക്ക് മറ്റൊരു നിരീക്ഷണം നടത്താനാകില്ല.

ഒറ്റപ്പെട്ട മതം മാറ്റങ്ങൾ ആർക്കും വലിയ ദോഷം ഉളവാക്കുന്നതല്ല. പക്ഷേ കൂട്ടത്തോടെയുള്ള മതം മാറ്റവും അതിന് നിർബന്ധപൂർവം പ്രേരിപ്പിക്കുന്നതും നിയമം മൂലം തടയേണ്ട കുറ്റകൃത്യം തന്നെയാണ്.