തിരുവനന്തപുരം: ബന്ധുനിയമനത്തിൽ ലോകായുക്തയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മന്ത്രി കെ.ടി.ജലീലിനെ ഉടനടി മന്ത്രിസ്ഥാനത്തുനിന്ന് നീക്കംചെയ്യണമെന്ന് കാണിച്ച് സേവ് യൂണിവേഴ്‌സിറ്റി കാമ്പെയിൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
എം.ജി.യൂണിവേഴ്‌സിറ്റിയിലും സാങ്കേതിക സർവകലാശാലയിലും മന്ത്രി അദാലത്തിലൂടെ നടത്തിയ മാർക്ക്ദാനങ്ങളും സർവകലാശാലകളിലെ നിയമനങ്ങളിൽ നടത്തിയ അവിഹിത ഇടപെടലുകളും ഗവർണറുടെയും സർക്കാരിന്റെയും ശ്രദ്ധയിൽപെടുത്തിയിട്ടും മന്ത്രിക്കെതിരെ നടപടി കൈക്കൊള്ളാത്തത് ബോധപൂർവമായിരുന്നുവെന്ന് ശരിവയ്ക്കുന്നതാണ് ലോകായുക്തവിധി.
അഴിമതിയും സത്യപ്രതിജ്ഞാലംഘനവും നടത്തിയ മന്ത്രിയെ പുറത്താക്കേണ്ടത് ഉന്നത വിദ്യാഭ്യാസമേഖലയുടെ സംശുദ്ധി നിലനിറുത്താൻ അനിവാര്യമാണെന്ന് സമിതി ചെയർമാൻ ആർ.എസ്.ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും പ്രസ്താവനയിൽ പറഞ്ഞു.