k-t-jaleel

അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാലംഘനം എന്നീ ഗുരുതരമായ കുറ്റങ്ങൾ സംശയാതീതമായി തെളിഞ്ഞതിനാൽ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി. ജലീലിനെ തത്‌സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്ന ലോകായുക്ത വിധി ഏറെ വൈകി വന്നതാണെങ്കിൽക്കൂടിയും പൊതുസമൂഹം ഏറെ നാളായി കാത്തിരിക്കുന്നതു തന്നെയാണ്. നിയമവിദഗ്ദ്ധരുമായി ആലോചിച്ച് ഭാവി നടപടി സ്വീകരിക്കുമെന്നാണ് വിധി അറിഞ്ഞശേഷം മന്ത്രി പ്രതികരിച്ചത്. നിരപരാധിത്വം നേരത്തെ ഹൈക്കോടതിയും ഗവർണറും അംഗീകരിച്ചിട്ടുള്ളതാണെന്ന ന്യായവാദത്തിനും അദ്ദേഹം മുതിർന്നിരുന്നു. എന്നാൽ ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം മുഖ്യമന്ത്രിക്കാണു നൽകിയിട്ടുള്ളത്. മന്ത്രിസ്ഥാനത്തു തുടരാൻ നിയമപ്രകാരം അർഹനല്ലെന്നു തെളിഞ്ഞ ഒരാളെ തുടർന്നും സംരക്ഷിക്കേണ്ട ബാദ്ധ്യത അദ്ദേഹം ഏറ്റെടുക്കുമോ എന്നറിയാൻ സംസ്ഥാനം കാത്തിരിക്കുകയാണ്. ലോകായുക്ത വിധിക്കെതിരെ മേൽ കോടതിയെ സമീപിക്കുമെന്ന് ജലീൽ മാത്രമല്ല ഭരണ നേതൃത്വവും വ്യക്തമാക്കിക്കഴിഞ്ഞു.

പിതൃസഹോദര പുത്രനെ വഴിവിട്ട് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ജനറൽ മാനേജരായി നിയമിക്കാൻ മന്ത്രിയെന്ന നിലയിൽ കെ.ടി. ജലീൽ സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുർവിനിയോഗവും നടത്തി എന്ന പരാതിയിലാണ് ഇപ്പോൾ ലോകായുക്ത തീർപ്പുണ്ടായിരിക്കുന്നത്. വിവാദങ്ങളെത്തുടർന്ന് മന്ത്രിബന്ധു നിർദ്ദിഷ്ട ഉദ്യോഗം സ്വീകരിക്കാതെ പിന്മാറിയെങ്കിലും നിയമന വിഷയത്തിൽ മന്ത്രി വഹിച്ച നിയമവിരുദ്ധമായ ഇടപെടലുകൾ പച്ചയായിത്തന്നെ പുറത്തുവന്നിരുന്നു. ലോകായുക്തയുടെ അന്വേഷണത്തിൽ അക്കാര്യങ്ങൾ സംശയലേശമെന്യേ തെളിയുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസ്ഥാനത്തു തുടരാൻ അർഹനല്ലാത്ത ജലീലിനെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെടുന്ന റിപ്പോർട്ട് ലോകായുക്ത മുഖ്യമന്ത്രിക്കു സമർപ്പിച്ചിരിക്കുന്നത്. കേസിലെ വാദം നേരത്തെ തന്നെ പൂർത്തിയായതാണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ വിധി പ്രഖ്യാപനം ഉണ്ടാകരുതെന്ന അഭ്യർത്ഥന കണക്കിലെടുത്താണ് ഇത്രയും നീണ്ടുപോയത്. തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്ന മന്ത്രിക്ക് അത് വലിയ ആശ്വാസവുമായിട്ടുമുണ്ട്. ലോകായുക്ത വിധി നിയമ വഴിയിലെ അവസാനമല്ലാത്തതിനാലും സുപ്രീംകോടതി വരെ തുറന്നുകിടക്കുന്നതിനാലും പോരാട്ടത്തിന്റെ വഴി തന്നെയാകും മന്ത്രി ജലീൽ തിരഞ്ഞെടുക്കാൻ പോകുന്നതെന്ന് നിശ്ചയമാണ്. അദ്ദേഹം അതു സൂചിപ്പിച്ചിട്ടുമുണ്ട്. എന്നാൽ രാഷ്ട്രീയത്തിൽ ധാർമ്മികത എന്നൊന്നു കൂടിയുണ്ടെന്ന വസ്തുത മറന്നുകൂടാത്തതാണ്. വഴിവിട്ട ബന്ധുനിയമനത്തിന്റെ പേരിൽ മാത്രമല്ല മന്ത്രി ജലീലിനെതിരെ വിവാദങ്ങൾ ഉയർന്നിരുന്നത്. മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പല നടപടികളും തീരുമാനങ്ങളും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ബന്ധുനിയമന വിവാദത്തിൽ പോലും മതിയായ സംരക്ഷണം ലഭിച്ചതുകൊണ്ടുമാത്രം കസേര നഷ്ടമായില്ലെന്നേയുള്ളൂ.

പ്രതികൂല വിധിയുടെ വെളിച്ചത്തിലും അധികാരസ്ഥാനം ഒഴിയണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അതു ബാധകമായവർ തന്നെയാണ്. ധാർമ്മികതയെക്കാളുപരി രാഷ്ട്രീയ പരിഗണനകൾക്കു മുൻതൂക്കമുള്ള സമകാലിക രാഷ്ട്രീയത്തിൽ തീരെ ഗത്യന്തരമില്ലാത്ത ഘട്ടം വരുമ്പോഴേ ഒരാൾ കസേര വിട്ടൊഴിയാൻ തയ്യാറാകൂ. അവസാനം വരെ പിടിച്ചുനിൽക്കുക എന്നതാണ് രാഷ്ട്രീയത്തിലെ പൊതു പ്രവണത.