cirtificate

തിരുവനന്തപുരം: പേരും ജാതിയും മതവും ഗസറ്റ് വിജ്ഞാപനത്തിലൂടെ മാറ്റിയാൽ അത് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിനും ബാധകമാണെന്ന് ഹൈക്കോടതി വിധിച്ചു. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ പ്രത്യേക നിയമനടപടികൾ പിന്നീട് ആവശ്യമില്ലെന്നും നെടുമങ്ങാട് സ്വദേശി എം.സി. നവീദ് എന്ന നൗഫൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. ആശ വ്യക്തമാക്കി.

നൗഫൽ (21) കഴിഞ്ഞ ഡിസംബറിൽ ഗസറ്റ് വിജ്ഞാപനത്തിലൂടെ പേര് നവീദ് എന്നും ഇസ്ളാം മതമെന്നത് ഹിന്ദു കാണിക്കാരൻ എന്നും മാറ്റിയിരുന്നു. തഹസിൽദാർ ഇതനുസരിച്ച് സർട്ടിഫിക്കറ്റും നൽകി. എന്നാൽ സർക്കാർ പരീക്ഷാ ജോയിന്റ് കമ്മിഷണർ ഇത് നിരസിച്ചു. ഗസറ്റ് വിജ്ഞാപനത്തിലൂടെയുള്ള മാറ്റം സ്വീകാര്യമല്ലെന്നായിരുന്നു വിശദീകരണം. ഇതിനെതിരെ നവീദ് നൽകിയ ഹർജിയിലാണ് ഉത്തരവ്.

ഉന്നതപഠനത്തിനും ജോലി നേടുന്നതിനും ഗസറ്റ് വഴിയുള്ള പേരുമാറ്റൽ വിജ്ഞാപനം മതിയായ രേഖയാണെന്ന് കോടതി വ്യക്തമാക്കി. പരീക്ഷാ ജോയിന്റ് കമ്മിഷണറുടെ ഉത്തരവ് അസാധുവാക്കുന്നുവെന്നും ആറ് ആഴ്ചയ്ക്കകം ഗസറ്റ് വിജ്ഞാപനപ്രകാരമുള്ള നവീദിന്റെ പേരും ജാതിയും മതവും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ മാറ്റി നൽകണമെന്നും ഉത്തരവിട്ടു.