kkkkkk

തിരുവനന്തപുരം: വിഷുവിനു മുമ്പ് പരമാവധി പേർക്ക് സൗജന്യ ഭക്ഷ്യക്കിറ്രുകൾ റേഷൻ കട വഴി നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഭക്ഷ്യവകുപ്പിന് കർശന നിർദ്ദേശം നൽകി.

29ന് വിതരണം തുടങ്ങിയിട്ടും അഞ്ച് ശതമാനം പേർക്കു പോലും കിറ്റ് ലഭിച്ചില്ലെന്നും സർക്കാർ ഉഴപ്പുന്നതായി ആക്ഷേപമുണ്ടെന്നും ചൂണ്ടിക്കാട്ടി കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത കണ്ടാണ് അദ്ദേഹം ഇടപെട്ടത്.

അതോടെ എല്ലാ സപ്ലൈ ഓഫീസർമാരെയും സപ്ളൈകോ മേഖലാ മാനേജർമാരെയും ഭക്ഷ്യ മന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോണിൽ വിളിച്ച് കിറ്റ് വിതരണം ഉഴപ്പരുതെന്നും എത്രയും വേഗം ആവശ്യമുള്ളിടത്തെല്ലാം എത്തിക്കണമെന്നും നിർദ്ദേശിച്ചു. തുടർന്ന് ഇന്നലെ മുതൽ പായ്ക്കിംഗും വിതരണവും വേഗത്തിലായി. തിങ്കളാഴ്ചയോടെ പരമാവധി കിറ്റുകൾ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയെ അറിയിച്ചു.

സൗജന്യ കിറ്റ് സർക്കാരിന് അനുകൂലമായ ജനവികാരം ഉണ്ടാക്കിയെന്നാണ് വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ കിറ്റ് വിതരണം നേട്ടമുണ്ടാക്കിയതിനാലാണ് ഏപ്രിലിൽ വിഷുക്കിറ്റ് ഉൾപ്പെടെ നൽകാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞതോടെ കിറ്റ് വിതരണത്തിൽ ഉദ്യോഗസ്ഥർ ഉഴപ്പി.

കിറ്റ് കുറവുള്ളിടത്ത് വിഷുവിന് മുമ്പ് മ‌‌ഞ്ഞ, പിങ്ക് കാർഡുകാർക്ക് നൽകണമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. പരമാവധി എത്തിക്കാൻ കഴിയുന്ന റേഷൻകടകളിൽ നിറം നോക്കാതെ എല്ലാത്തരം റേഷൻ കാർ‌ഡുകാർക്കും കിറ്റ് നൽകാനും നിർദ്ദേശിച്ചു. എവിടെയൊക്കെ കിറ്റ് ലഭിച്ചില്ലെന്ന് റിപ്പോർട്ട് ചെയ്യാൻ മേഖലാ ഓഫീസർമാർക്ക് സപ്ലൈകോ മേധാവിയും നിർദ്ദേശം നൽകി.

ഇന്നലെ കിറ്റ് കിട്ടിയത് 1,51,967 പേർക്ക്

ഇന്നലെ 1,51,967 പേർക്ക് വിഷുക്കിറ്ര് ലഭിച്ചു. ഇതോടെ കിറ്റ് ലഭിച്ചവർ 5,68,086 ആയി. ഏറ്റവും കുറവ് തിരുവനന്തപുത്തു തന്നെ -12,​343 പേർക്ക്. തൃശൂരിൽ 97,805 പേർക്ക് കിറ്റ് ലഭിച്ചു.