vishu

തിരുവനന്തപുരം:വിഷുപ്പുലരി വിടരാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ സജീവമായി വിപണി.കഴിഞ്ഞ വർഷം കൊവിഡ് കാരണം നഷ്ടമായിപ്പോയ വിപണിയെ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. കൊവിഡിന്റെ രണ്ടാം വരവ് ആശങ്ക പരത്തുമ്പോൾ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ടാകും ഉണ്ണിക്കണ്ണനെ കണികാണുക. വിപണി സജീവമായിട്ടില്ലെങ്കിലും നഗരത്തിലെ മിക്ക കടകളിലും കണിവെള്ളരിയും കണിമത്തനും എത്തിക്കഴിഞ്ഞു. കണിവെള്ളരിക്കും മത്തനും 30 രൂപയാണ് നിലവിലെ വില.പച്ചക്കറികളും പഴങ്ങളുമടങ്ങിയ വിഷുകിറ്രും വിപണിയിലുണ്ട്.പച്ചക്കറിക്ക് വില കുറഞ്ഞെന്ന് വ്യാപാരികൾ പറയുന്നു.വിഷുവിന് പിന്നാലെ റംസാനും എത്തുന്നതോടെ വിപണിയിലാകെ ഉണർവുണ്ടാകുമെന്ന പ്രത്യാശയും കച്ചവടക്കാർക്കുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ കൊന്നപ്പൂക്കളും വിൽപനയ്ക്കെത്തും.

 വഴിയോരമാകെ വർണം വിതറി ഉണ്ണിക്കണ്ണൻമാർ

നഗരത്തിലെ പ്രധാന വഴിയോരങ്ങളൊക്കെ വ്യത്യസ്ത വർണങ്ങളിലും വലിപ്പത്തിലുമുള്ള ശ്രീകൃഷ്ണപ്രതിമകൾ നിരന്നു.അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഉണ്ണിക്കണ്ണൻമാരുമായി വഴിയോരത്ത് കാത്തിരിക്കുന്നത്. 100 രൂപ മുതൽ വിലയാരംഭിക്കും.കളിമണ്ണിലും പ്ലാസ്റ്റർ ഒഫ് പാരീസിലുമുള്ള പ്രതിമകൾ വാങ്ങാൻ ആളുകളെത്തുന്നുണ്ടെങ്കിലും കൊവിഡ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നഗരത്തിലെ കടകളിലും കൃഷ്ണപ്രതിമകൾ വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്.70 രൂപ മുതൽ 3000 രൂപ വരെയാണ് വില.മണ്ണ്,​ ഫൈബർ,​ പേപ്പർ പൾപ്പ് തുടങ്ങിയവയിലാണ് പ്രതിമകൾ നിർമ്മിച്ചിരിക്കുന്നത്.പ്ലാസ്റ്റികിൽ നിർമിച്ച കൊന്നപ്പൂക്കൾക്ക് 45 മുതൽ 80 രൂപവരെയാണ് വില.

 പടക്കങ്ങളൊക്കെ റെഡിയാണ്

പടക്കവിപണി ഉഷാറായെങ്കിലും ആളുകളെത്തുന്നത് കുറവാണെന്ന് ചാല മാർക്കറ്റിൽ വർഷങ്ങളായി പടക്കക്കച്ചവടം നടത്തുന്ന സുധാകർ പറയുന്നു.ദീപാവലിക്ക് മാർക്കറ്റിലെത്തിയ ഇനം പടക്കങ്ങൾ തന്നെയാണ് വിപണിയിലുള്ളത്.പത്ത് രൂപ മുതൽ മുകളിലേക്ക് വില ഉയരും.ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുള്ള പടക്കങ്ങളാണ് കൂടുതലും വിപണിയിലുള്ളത്.അന്തരീക്ഷ മലിനീകരണം പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം.ശിവകാശിയിൽ നിന്നാണ് കൂടുതൽ പടക്കങ്ങളുമെത്തുന്നത്.ആളുകൾക്ക് ഇപ്പോൾ ഫാൻസി ഇനങ്ങളോടാണ് താത്പര്യം കൂടുതലെന്നും സുധാകർ പറഞ്ഞു.

പൂഴിക്കുന്നിലെ പടക്കക്കട

പടക്കവില്പനയ്ക്ക് പ്രശസ്തമായ പൂഴിക്കുന്നിലെ പടക്കക്കടകളെല്ലാം സജീവമായി.ചൈനീസ് ഇനങ്ങൾക്കൊപ്പം ഇന്ത്യൻ നിർമിതമായ വിവിധ ഫാൻസി ഇനങ്ങളും വില്പനയ്ക്കുണ്ട്. 'പടാപടാ' പൊട്ടുന്ന നാടൻ പടക്കങ്ങളാണ് പൂഴിക്കുന്നിലെ ഹൈലൈറ്റ്. ഹോളി കാർട്ടൂൺ, വിസിൽസ്, ക്രേസി ബൂം, ടൈറ്റാനിക്ക്, ഒമ്പത് വർണങ്ങളിലുള്ള 15 സെന്റിമീറ്റർ നീളമുള്ള കമ്പിത്തിരികൾ,പവർ പോട്ട്, ഫൺ ഫന്റാസ്റ്റിക്ക്,തറച്ചക്രം,ഫയർ പെൻസിൽ,റോക്കറ്റ് തുടങ്ങിയവയൊക്കെ പൂഴിക്കുന്നിലെ ആശാൻമാർ ഒരുക്കിക്കഴിഞ്ഞു.

 കച്ചവടം പ്രതീക്ഷിച്ചതിലും മോശമാണ്. കൊവിഡ് കാരണം കഴിഞ്ഞ വർഷം കച്ചവടമൊന്നും ലഭിച്ചില്ലായിരുന്നു.,​ വരുന്ന ദിവസങ്ങളിൽ കൂടുതലാളുകൾ എത്തുമെന്ന പ്രതീക്ഷയിലാണ്.

- സന്തോഷ്,​ കച്ചവടക്കാരൻ,​ ചാല