kdvr

അഞ്ചുതെങ്ങ്: ഗ്രാമ പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായി അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കടക്കാവൂർ എസ്.ബി.ഐ ശാഖകളിൽ വിവിധ പെൻഷനുകൾക്കായും, ബാങ്കിംഗ് ഇടപാടുകൾക്കുമായി വരുന്നവർ കൂട്ടംകൂടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട എസ്.ബി.ഐ അധികൃതർ ഗ്രാമ പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. അഞ്ചുതെങ്ങ് ഗ്രാമവാസികൾ പ്രധാനമായും ആശ്രയിക്കുന്നത് കടയ്ക്കാവൂർ എസ്.ബി.ഐ ബാങ്കിനെയാണ്. നിലവിലെ കൊവിഡ് വ്യാപന ഭീതിയെ തുടർന്ന് ടോക്കൺ സംവിധാനം ആണ് കടയ്ക്കാവൂർ എസ്.ബി.ഐയിൽ ഏർപ്പെട്ടിട്ടുള്ളത്. എന്നിരുന്നാലും ബാങ്കിംഗ് പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പുതന്നെ ഇടപാടുകാർ എത്തുകയും ടോക്കണിനായി പരസ്പരം കലഹിക്കുന്നതും പതിവാണെന്നും ആരോപണമുണ്ട്. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ബോധവത്കരണം നടത്തിയെങ്കിലും പ്രദേശവാസികൾ ഗൗരവമായി എടുക്കുന്നില്ലെന്നും പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് അടിയന്തരയോഗം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചിട്ടുണ്ട്. കൂടാതെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്ത്വത്തിൽ വാർഡു തലത്തിൽ കരുതൽ നടപടികൾ സ്വീകരിക്കുന്നതിനായി യോഗം ചേർന്നതായും പ്രസിഡന്റ് പറഞ്ഞു.