യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയമായ നടിയാണ് കല്യാണി പ്രിയദർശൻ. പ്രിയദർശന്റെയും ലിസിയുടെയും സിനിമാപാരമ്പര്യം പിൻതുടർന്ന് അഭിനയരംഗത്ത് എത്തിയ മകൾ കല്യാണി ഏതാനും വർഷം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം കവർന്നെടുത്തു. ഇപ്പോഴിതാ, കല്യാണിയുടെ കുട്ടിക്കാലചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ‘ക്രിഷ് 3’ എന്ന ചിത്രത്തിൽ സാബു സിറിലിന്റെ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായാണ് കല്യാണി തന്റെ കരിയർ ആരംഭിക്കുന്നത്. 'ഇരുമുഖൻ' എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായും കല്യണി പ്രവർത്തിച്ചു. പിന്നീടാണ് തെലുങ്ക് ചിത്രം ‘ഹലോ’യിലൂടെ കല്യാണി അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അച്ഛൻ പ്രിയദർശൻ സംവിധാനം ചെയ്ത ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും ആദ്യം റിലീസ് ചെയ്ത ചിത്രം 'വരനെ ആവശ്യമുണ്ട് ' ആയിരുന്നു. ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തി തകർപ്പൻ പ്രകടനമാണ് കല്യാണി കാഴ്ചവച്ചത്. ചിത്രലഹരി, രണരംഗം, ഹീറോ, പുത്തം പുതുകാലൈ എന്നിവയാണ് കല്യാണിയുടെ മറ്റുചിത്രങ്ങൾ. മരയ്ക്കാർ, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയം’, തമിഴ് ചിത്രം ‘മാനാട്’ എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. മരയ്ക്കാറിലും ഹൃദയത്തിലും പ്രണവ് മോഹൻലാലിന്റെ നായികയായാണ് കല്യാണി അഭിനയിക്കുന്നത്.