വക്കം: നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിലുപേക്ഷിച്ച വക്കം വെളിവിളാകം ക്ഷേത്രകുളം നവീകരിക്കണമെന്ന ആവശ്യം ശക്തം. വക്കം ഗ്രാമപഞ്ചായത്ത് 2020 - 21 സാമ്പത്തികവർഷം തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി 11.75 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കാൻ തീരുമാനിച്ച കുളത്തിനാണീ ദുർഗതി. കുളത്തിന് നാലു വശവും പാറ അടുക്കി, മുകളിൽ കോൺക്രീറ്റ് ബെൽറ്റും നിർമ്മിച്ചശേഷം പണികൾ നിറുത്തി വയ്ക്കുകയായിരുന്നു. അടുക്കിയ പാറകൾ പലതും ഇതിനകം തന്നെ ഇളകി മാറിക്കഴിഞ്ഞു. കോൺക്രീറ്റ് ബെൽറ്റ് തകർച്ചയുടെ വക്കിലും.
കുളം നിറയെ പാഴ്ച്ചെടികൾ വളർന്ന് പൂവണിഞ്ഞ് നിൽക്കുകയാണിപ്പോൾ. നിറയെ പാഴ്ച്ചെടികളും, പുല്ലുകളും വളർന്ന് കാടുകയറിയ സ്ഥലം കുളമാണെന്ന് തിരിച്ചറിയാൻ നാട്ടുകാരുടെ സഹായം വേണം.
ക്ഷേത്രത്തിന്റെ എതിർ വശത്തെ ഒഴിഞ്ഞ ഇടത്താണ് കുളം നിർമ്മിച്ചിരിക്കുന്നത്.
ക്ഷേത്ര ഭരണസമിതിക്കാർ ആരും തന്നെ ഇവിടെ തിരിഞ്ഞു നോക്കാറില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വാർഡിലെ പ്രമുഖ രാഷ്ട്രീയപ്പാർട്ടികളുടെ പ്രകടനപത്രികയിൽ കുളം നവീകരണം ഇടം നേടിയിട്ടുണ്ട്. ക്ഷേത്ര ഭരണസമിതിയുടെ പിടിപ്പുകേടാണ് കുളം ഇങ്ങനെ നശിച്ചുപോകാൻ കാരണമെന്ന ആക്ഷേപവുമുണ്ട്.
സ്വപ്ന പദ്ധതി പൂവണിയുന്നില്ല
വക്കം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെട്ട വെളിവിളാകം ക്ഷേത്രത്തിലെ കുളം നവീകരണം നാട്ടുകാരുടെ സ്വപ്ന പദ്ധതിയാണ്. ഈ പദ്ധതി പൂർത്തിയായാൽ സമീപത്തെ കർഷകർക്കും പശുവളർത്തുന്നവർക്കും ഉപകാരമായാനേ.
നടന്നതും നടക്കേണ്ടതും
മൈനർ ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിന്റെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും ഫണ്ടിൽ നിന്നാണ് കുളം നവീകരിക്കാൻ ഫണ്ട് അനുവദിച്ചിരുന്നത്.
ഈ തുകയിൽ കുളത്തിന്റെ പാർശ്വഭിത്തി കെട്ടിക്കഴിഞ്ഞു. ഓട നിർമ്മാണവും കുളത്തിലെ ചെളി നീക്കംചെയ്യലും, പാർശ്വഭിത്തി ഉറപ്പിക്കലുമാണ് ഇനി നടത്തേണ്ടത്. ഇതിനുള്ള മെറ്റലും പാറപ്പൊടിയും കുളത്തിനു സമീപം കൂട്ടിയിട്ടിട്ടുണ്ട്.
ക്യാപ്ഷൻ: വക്കം വെളിവിളാകത്തെ കാടു കയറിയേ ക്ഷേത്രക്കുളവും തകർന്ന ശിലാഫലകവും