തിരുവനന്തപുരം:മന്ത്രി കെ. ടി ജലീൽ ബന്ധു നിയമന കേസിൽ കുറ്റക്കാരനാണെന്നും അദ്ദേഹത്തെ പദവിയിൽ നീക്കണമെന്നുമുള്ള ലോകായുക്ത വിധിയിൽ നിയമവ്യക്തത വരുത്തിയ ശേഷം തുടരാലോചന മതിയെന്ന് സി.പി.എമ്മിൽ ധാരണ. ജലീലിന്റെ രാജി തൽക്കാലമുണ്ടാകില്ല. വിധിക്കെതിരെ രണ്ട് ദിവസത്തിനകം അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചേക്കും. ജലീലിന് പാർട്ടി പിന്തുണയുണ്ടാകും.
ലോകായുക്തയ്ക്ക് നിരീക്ഷണങ്ങൾ നടത്താനല്ലാതെ, വിധി പ്രഖ്യാപിക്കാൻ അവകാശമുണ്ടോ എന്നതിൽ നിയമവ്യക്തത വരുത്താനാണ് ഇന്നലെ ചേർന്ന സി.പി.എം അവെയ്ലബിൾ സെക്രട്ടേറിയറ്റിന്റെ തീരുമാനം. യോഗത്തിൽ ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ പങ്കെടുത്തു. ചില മുതിർന്ന സെക്രട്ടേറിയറ്റംഗങ്ങളുമായി ഫോണിലും ചർച്ച നടന്നു. ഹൈക്കോടതിയും ഗവർണറും തള്ളിയ കേസിൽ ലോകായുക്ത മറ്റൊരു വിധി നൽകുമ്പോൾ കൂടുതൽ നിയമപരിശോധന ആവശ്യമാണ്. ഒരു മന്ത്രിയെ മാറ്റണമെന്ന് ലോകായുക്ത ഉത്തരവിടുന്നത് കേരളത്തിൽ ആദ്യമാണ്.
ഈ സർക്കാരിന് തലവേദനയില്ല
ലോകായുക്ത റിപ്പോർട്ടിൽ മൂന്ന് മാസത്തിനകം മുഖ്യമന്ത്രി തീരുമാനമെടുത്താൽ മതി. മന്ത്രിസഭയ്ക്ക് മേയ് 25വരെയാണ് കാലാവധി. മേയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ രാജിവച്ചാൽ കെയർടേക്കർ മന്ത്രിസഭയാകും. ഈ കാലയളവിൽ തീരുമാനം എടുക്കണമെന്നില്ല.
" ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിൽ ഒരു മന്ത്രിയും രാജിവച്ചിട്ടില്ല. അങ്ങനെയെങ്കിൽ സുനാമിഫണ്ട് കേസിൽ രൂക്ഷവിമർശനത്തിനിരയായ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജി വയ്ക്കണമായിരുന്നു. ഡെപ്യൂട്ടേഷനിൽ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ല. ബന്ധു നിയമപരമായി അർഹനാണോയെന്നേ പരിശോധിക്കേണ്ടൂ. 10- 15 ദിവസമേ ഈ ബന്ധു ജോലിയിലിരുന്നുള്ളൂ. സർക്കാരിന്റെ ഒരു രൂപയും വാങ്ങിയിട്ടില്ല " -
--നിയമമന്ത്രി എ.കെ. ബാലൻ
രാജി അനിവാര്യമെന്ന് നിയമവിദഗ്ദ്ധർ
മന്ത്രി ജലീൽ സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്ന് ലോകായുക്ത പ്രഖ്യാപിച്ചതിനാൽ രാജി അനിവാര്യമാണെന്ന് നിയമവിദഗ്ദ്ധർ. വീഴ്ചയുണ്ടായെന്നും സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും ലോകായുക്ത പ്രഖ്യാപിച്ചാൽ പൊതുസേവകൻ സ്ഥാനമൊഴിയണമെന്ന് ലോകായുക്ത നിയമത്തിലെ വകുപ്പ് 14 പറയുന്നു. അപ്പീൽ നൽകാനും വ്യവസ്ഥയില്ല.
മന്ത്രിയുടെ പ്രതീക്ഷ
1. ഹൈക്കോടതിയും ഗവർണറും തള്ളിയ കേസാണെന്ന ആത്മവിശ്വാസം.
2. ബന്ധു ജോലിയിൽ തുടരാത്തതിനാൽ സർക്കാരിന് ബാദ്ധ്യത ഉണ്ടായിട്ടില്ല.
ആശങ്ക:
സുപ്രീംകോടതിയിൽ ജസ്റ്റിസായിരുന്നു ലോകായുക്ത സിറിയക് ജോസഫ്. അദ്ദേഹത്തിന്റെ ഉത്തരവ് കോടതിക്ക് മുഖവിലയ്ക്കെടുക്കേണ്ടി വരാം. നിയമനയോഗ്യത മാറ്റാൻ നിർദ്ദേശിച്ച മന്ത്രിയുടെ കത്തും ലോകായുക്ത തെളിവായെടുത്തു.
ജലീൽ മുഖ്യമന്ത്രിയുടെ രഹസ്യങ്ങളുടെ
സൂക്ഷിപ്പുകാരൻ: വി. മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രഹസ്യങ്ങളുടെയും രഹസ്യ ഇടപാടുകളുടെയും സൂക്ഷിപ്പുകാരനാണ് മന്ത്രി കെ.ടി. ജലീലെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. അതിനാലാണ് മറ്റു മന്ത്രിമാർക്കും സി.പി.എം നേതാക്കൾക്കും കിട്ടാത്ത പ്രിവിലേജ് ജലീലിന് കിട്ടുന്നത്. ലോകായുക്ത പറഞ്ഞിട്ടും മുഖ്യമന്ത്രി ജലീലിനെ പുറത്താക്കാത്തതും അക്കാരണത്താലാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സത്യപ്രതിജ്ഞ ലംഘനം നടത്തിയതിന് പുറത്താക്കണമെന്ന് ലോകായുക്ത ഉത്തരവിറക്കിയിട്ടും നിയമപോരാട്ടം നടത്തുമെന്ന് വെല്ലുവിളിക്കുന്ന കെ.ടി.ജലീലിന്റെ നിലപാട് തന്റെ അനുവാദത്തോടെയാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. സംസ്ഥാനചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിയെ മാറ്റണമെന്ന് ലോകായുക്ത ഉത്തരവായി നൽകുന്നത്. അങ്ങേയറ്റം ഗുരുതരമായ കാര്യങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ ബോദ്ധ്യപ്പെട്ട ശേഷമാണ് ലോകായുക്തയുടെ ഉത്തരവ്. പിണറായി വിജയൻ എന്തിനാണ് കെ.ടി. ജലീലിനെ പേടിക്കുന്നതെന്നും മുരളീധരൻ ചോദിച്ചു.
ഇ.പി. ജയരാജന്റെയോ ശശീന്ദ്രന്റെയോ
തോമസ് ചാണ്ടിയുടെയോ കാര്യത്തിൽ ഇല്ലാത്ത ആവേശമായിരുന്നു ജലീലിന്റെ കാര്യത്തിൽ പിണറായിക്ക്.
കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നത്. സംസ്ഥാനത്തെ ഒരു മന്ത്രിക്ക് എന്താണ് വിദേശരാജ്യത്തിന്റെ കോൺസലേറ്റുമായി ഇത്രമാത്രം ഇടപാടുകൾ എന്ന് മുഖ്യമന്ത്രി ഒരിക്കലും ചോദിച്ചിട്ടില്ല. സാങ്കേതിക സർവകലാശാല അദാലത്തിൽ ചട്ടവിരുദ്ധമായി പങ്കെടുക്കുകയും ഇഷ്ടക്കാർക്ക് മാർക്ക് വാരിക്കോരി നൽകുകയും ചെയ്തപ്പോഴും ജലീലിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. മലയാളം സർവകലാശാല ഭൂമി വിവാദത്തിൽ മുഖ്യമന്ത്രി തന്നെയാണ് കെ.ടി. ജലീലിനെ സംരക്ഷിച്ചത്. ന്യൂനപക്ഷ സ്കോളർഷിപ് വിവാദത്തിൽ ക്രൈസ്തവ സഭകളുടെ ആശങ്കകളെ പുച്ഛിച്ചു തള്ളിയ ജലീൽ അവരെ അപമാനിച്ചപ്പോഴും മുഖ്യമന്ത്രി ജലീലിനൊപ്പം നിന്നെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി.
ജലീലിനെ സംരക്ഷിക്കുന്നത്
ജനാധിപത്യത്തിന് വെല്ലുവിളി: ചെന്നിത്തല
തിരുവനന്തപുരം: ബന്ധു നിയമനക്കേസിൽ കെ.ടി. ജലീലിന് മന്ത്രിയായി തുടരാൻ അർഹതയില്ലെന്ന ലോകായുക്ത വിധി തള്ളി മന്ത്രിയെ സംരക്ഷിക്കാനുള്ള സി.പി.എം തീരുമാനം ജനാധിപത്യ വാഴ്ചയോടും സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കോടതിയുടെ മോശമായ പരാമർശങ്ങൾ ഉണ്ടാവുമ്പോൾ മന്ത്രിമാർ രാജിവച്ച് ജനാധിപത്യമൂല്യം ഉയർത്തിപ്പിടിച്ച സംഭവങ്ങളുണ്ട്. കെ.എം. മാണിക്കെതിരെ സംശയത്തിന്റെ പേരിൽ മാത്രം കോടതി പരാമർശമുണ്ടായപ്പോൾ അദ്ദേഹം രാജി വയ്ക്കണമെന്ന് മുറവിളി കൂട്ടിയത് ഇതേ സി.പി.എമ്മാണ്. അന്ന് കെ.എം. മാണി രാജി വച്ചു. മന്ത്രി കെ.ടി ജലീലിനെതിരെ ലോകായുക്ത സംശയമല്ല ഉന്നയിച്ചിരിക്കുന്നത്. മന്ത്രി സ്വജനപക്ഷപാതം കാട്ടിയെന്നും അധികാര ദുർവിനിയോഗം നടത്തിയെന്നും മന്ത്രിയായി തുടരാൻ അർഹതയില്ലെന്നും വിധിച്ചിരിക്കുകയാണ്. എന്നിട്ടും മന്ത്രി രാജി വയ്ക്കേണ്ടെന്ന് പറയുന്ന സി.പി.എം അഴിമതിക്ക് അംഗീകാരം നൽകുകയാണ്. മുഖ്യമന്ത്രി ഉൾപ്പെടെ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന സർക്കാർ ഇങ്ങനെ ചെയ്യുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല.
അഴിമതി തടയാനാണ് ലോകായുക്ത. അതിന്റെ വിധി മാനിക്കാത്തത് അഴിമതി ആരും തടയരുത് എന്ന് പറയുന്നതിന് തുല്യമാണ്. അഴിമതിക്കെതിരെ മുമ്പ് സി.പി.എം ഘോരഘോരം നടത്തിയ പ്രസംഗങ്ങളെല്ലാം വെറും വാചകക്കസർത്താണെന്ന് തെളിഞ്ഞു. ജലീൽ രാജി വയ്ക്കേണ്ടെന്ന നിയമമന്ത്രി എ.കെ.ബാലന്റെ പ്രസ്താവന ഇടതു മുന്നണിയുടെ ജീർണതയുടെ തെളിവാണ്. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഈ സർക്കാരിന് കാവൽ മന്ത്രിസഭയുടെ പദവിയേ ഉള്ളൂ. എന്നിട്ടും ജലീലിനെ അധികാരത്തിൽ കടിച്ചു തൂങ്ങാൻ പിന്തുണ നൽകുന്ന സി.പി.എം എത്രത്തോളം ജനവിരുദ്ധമായെന്ന് ജനങ്ങൾ തിരിച്ചറിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നീതിന്യായവ്യവസ്ഥയെ വെല്ലുവിളിക്കരുത്: യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: ബന്ധുനിയമനത്തിൽ മന്ത്രി കെ.ടി. ജലീൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും നടപടി കൈക്കൊള്ളണമെന്ന ലോകായുക്തയുടെ പരാമർശം വന്നിട്ടും മുഖ്യമന്ത്രി കാണിക്കുന്ന നിസ്സംഗത നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ പറഞ്ഞു. പടിയിറങ്ങുന്നതിന് മുമ്പെങ്കിലും പൊതുസമൂഹത്തോട് നീതിപുലർത്താൻ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ലോകായുക്ത ഉത്തരവിന് മുമ്പേ
രാമചന്ദ്രൻ മാസ്റ്റർ രാജി വച്ചു
എസ്. പ്രേംലാൽ
തിരുവനന്തപുരം: അഴിമതിക്കേസിൽ ലോകായുക്തയുടെ കണ്ടെത്തലിന് മുമ്പ് മന്ത്രി സ്ഥാനം രാജി വച്ച ചരിത്രമുണ്ട്. ഉമ്മൻചാണ്ടി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.രാമചന്ദ്രൻ മാസ്റ്ററായിരുന്നു ആദ്യം രാജി വച്ച മന്ത്രി.
എംപ്ളോയ്മെൻറ് എക്സ്ചേഞ്ചിൽ നിന്ന് നിയമനം നടത്താനുള്ള ലിസ്റ്റിൽ തനിക്ക് വേണ്ടപ്പെട്ട ഒരാളെ നിയമിക്കണമെന്ന് രാമചന്ദ്രൻ മാസ്റ്റർ ഡി.എം.ഒ യോട് ഫോണിലൂടെ ശുപാർശ ചെയ്തു. ഡി.എം.ഒ ഫോൺ സംഭാഷണം റെക്കാഡ് ചെയ്തു. മന്ത്രിക്കെതിരെ ജ്യോതിലാൽ എന്ന വ്യക്തി ഇതുവച്ച് അഡ്വ. ചെറുന്നിയൂർ ശശിധരൻനായർ മുഖേന ലോകായുക്തയെ സമീപിച്ചു. ആ കേസിൻെറ ഉത്തരവ് വരുന്നതിന് തൊട്ടുമുമ്പ് രാമചന്ദ്രൻ മാസ്റ്റർ രാജി വച്ചു..രാമചന്ദ്രൻ മാസ്റ്റർ കുറ്റക്കാരനെന്നായിരുന്നുലോകായുക്തയായിരുന്ന ജസ്റ്റിസ് ശ്രീധരന്റെ ഉത്തരവ് .
ജലീൽ ഒഴിയുമോ?
അഴിമതിക്കേസിൽ ലോകായുക്ത നിയമ പ്രകാരം രണ്ട് രീതിയിലാണ് നടപടിയെടുക്കുക. ഒന്ന്, സെഷൻ 14 പ്രകാരം അഴിമതി നടത്തിയെന്ന് ലോകായുക്ത പ്രഖ്യാപിച്ചാൽ, അയാൾക്ക് പിന്നെ ആ സ്ഥാനത്ത് തുടരാനാവില്ല. രാജി വച്ചില്ലെങ്കിൽ സ്വയം ഒഴിഞ്ഞതായി കണക്കാക്കും. രണ്ടാമത്തേത് സെഷൻ 12(3) പ്രകാരം ശുപാർശ ചെയ്യുകയാണ്. അഴിമതി നടത്തിയ ആൾക്കെതിരെ നടപടിയെടുക്കണമെന്ന് ബന്ധപ്പെട്ട അതോറിട്ടിയോട് ശുപാർശ ചെയ്യാം. ആ ശുപാർശ അതോറിട്ടിക്ക് സ്വീകരിക്കുകയോ, തള്ളുകയാേ ചെയ്യാം. അതോറിട്ടി സർക്കാരാണെങ്കിൽ ഒരു നടപടിയുമെടുക്കാതിരുന്നാൽ ലോകായുക്തയ്ക്ക് സർക്കാരിനെതിരെ ഗവർണർക്ക് പ്രത്യേക റിപ്പോർട്ട് നൽകാം. ഗവർണറുടെനിർദ്ദേശം മുഖ്യമന്ത്രി നിയമസഭയിൽ വയ്ക്കേണ്ടി വരും. ജലീലിൻെറ കേസിൽ പ്രഖ്യാപനം നടത്തിയതിനൊപ്പം, 12(3) പ്രകാരം മുഖ്യമന്ത്രിയോട് ശുപാർശയും ചെയ്തിരിക്കുകയാണ്.