
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി. ജലീലിനെതിരെ പ്രധാന തെളിവായി ലോകായുക്ത പരിഗണിച്ചത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറിക്ക് ഔദ്യോഗിക ലെറ്റർപാഡിൽ മന്ത്രി നൽകിയ കത്ത്.
ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ ജനറൽമാനേജരുടെ വിദ്യാഭ്യാസ യോഗ്യത മാറ്റാനാണ് മന്ത്രി കത്ത് നൽകിയത്. ജനറൽ മാനേജരുടെ യോഗ്യത ഡിഗ്രിയും മാർക്കറ്റിംഗിലും ഫിനാൻസിലുമുള്ള എം.ബി.എയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയത്തോടെ സി.എസ്, സി.എ, ഐ.സി.ഡബ്‌ള്യു.എ.ഐയും ആയിരുന്നു. ഇതോടൊപ്പം എച്ച്.ആറും ബി.ടെക്കും പി.ജി.ഡി.ബി.എയും ഉൾപ്പെടുത്താൻ മന്ത്രി നിർദ്ദേശിക്കുകയായിരുന്നു.
ജനറൽ മാനേജരായി ജലീലിന്റെ പിതൃ സഹോദരപുത്രൻ കെ.ടി. അദീബിനെ നിയമിക്കാനായിരുന്നു ഇതെന്നാണ് ആരോപണം. മന്ത്രി സ്വജനപക്ഷപാതം, അധികാര ദുർവിനിയോഗം, സത്യപ്രതിജ്ഞാലംഘനം എന്നിവ നടത്തിയെന്ന് ലോകായുക്ത നിഗമനത്തിലെത്തിയത് ഈ കത്തിന്റെ അടിസ്ഥാനത്തിലാണ്.
സൗത്ത് ഇന്ത്യൻ ബാങ്കിൽ സീനിയർ മാനേജരായിരുന്നു അദീബ്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ ഡെപ്യൂട്ടേഷനിൽ നിയമിച്ചതും ചോദ്യം ചെയ്യപ്പെട്ടു. തുടർന്ന് അദീബ് രാജിവച്ചു.
യൂത്ത് ലീഗ് നേതാവ് വി.കെ. മുഹമ്മദ് ഷാഫിയാണ് ലോകായുക്തയ്ക്ക് പരാതി നൽകിയത്.