തൊടുപുഴ: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സഹോദരന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. മണക്കാട് കോലടി കരയിൽ മാളിയേക്കൽ വീട്ടിൽ സുരേഷി(52)നെയാണ് കുറ്റക്കാരനാണെന്ന് കണ്ട് തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജ് എൽസമ്മ ജോസഫ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി ശിക്ഷ അനുഭവിക്കണം.സഹോദരൻ രാജേഷി(38)നെയാണ് കൊലപ്പെടുത്തിയത്. രാജേഷിന്റെ ഏഴ് വയസുകാരി മകളുടെ മുമ്പിൽ വെച്ചായിരുന്നു ക്രൂരകൃത്യം.
2014 ഓഗസ്റ്റ് 27ന് വൈകീട്ട് ഏഴിനാണ് സംഭവം. തറവാട്ടു വീട്ടിലാണ് സുരേഷും രാജേഷും താമസിച്ചിരുന്നത്. ഇവരുടെ അമ്മയും രാജേഷിന്റെ ഭാര്യയും കുട്ടികളും ഇവിടെത്തന്നെയാണ് കഴിഞ്ഞിരുന്നത്.
സുരേഷ് വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. സംഭവ ദിവസവും വഴക്കുണ്ടായി. ഇത് ചോദിക്കാൻ സുരേഷിന്റെ മുറിയിലെത്തിയ രാജേഷ്, വീട്ടിൽ നിന്ന് മാറി താമസിക്കണമെന്ന് സുരേഷിനോട് ആവശ്യപ്പെട്ടു. ഇതിന്റെ വൈരാഗ്യത്തിൽ സുരേഷ് അലമാരയിൽ സൂക്ഷിച്ചിരുന്ന കശാപ്പ് കത്തി ഉപയോഗിച്ച് രാജേഷിനെ കുത്തി..
രാജേഷിന്റെ ഏഴ് വയസുകാരി മകളും ഈ സമയം മുറിയിലുണ്ടായിരുന്നു. ഈ കുട്ടിയുടേയും രാജേഷിന്റെ ഭാര്യയുടേയും അയൽവാസികളുടേയും മൊഴികൾ നിർണായകമായി. സാഹചര്യ, ശാസ്ത്രീയ തെളിവുകളും പ്രതിക്ക് എതിരായിരുന്നു.
പ്രതിയുടെ അമ്മയും സഹോദരനും സഹോദരീ ഭർത്താവും സാക്ഷികളായിരുന്നെങ്കിലും വിചാരണ സമയത്ത് കൂറുമാറിയിരുന്നു.
കൊല്ലപ്പെട്ട രാജേഷിന്റെ ഭാര്യക്കും കുട്ടികൾക്കും വിക്ടിം കോമ്പൻസേഷൻ നിയമപ്രകാരം നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്. മുൻ തൊടുപുഴ സി.ഐ.മാരായിരുന്ന സജി മാർക്കോസ്, ഷാജു ജോർജ്, എസ്.ഐ. നാരായണൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീ. പ്രോസിക്യൂട്ടർ അഡ്വ.മനോജ് കുര്യൻ ഹാജരായി.