kovalam

വിഴിഞ്ഞം: കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ കോവളത്തിനും മുക്കോലയ്ക്കുമിടയിൽ അപകടങ്ങൾ പെരുകുന്നു. നിരവധി അപകടങ്ങൾ ഉണ്ടായിട്ടും ബൈപാസ് അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ബൈപ്പാസിന്റെ കോവളം ഭാഗത്തെ റോഡുപണി പൂർത്തിയാക്കിയെങ്കിലും ഇവിടം ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടില്ല. മെറ്രലിറക്കി കൂനകൂട്ടിയാണ് ഇതുവഴിയുള്ള ഗതാഗതം തടഞ്ഞിരിക്കുന്നത്. എന്നാൽ ഇതിന് മുകളിലൂടെ ഇരുചക്രവാഹനങ്ങൾ പലപ്പോഴും സാഹസികയാത്രയ്ക്ക് മുതിരാറുണ്ട്. ബൈപ്പാസ് റോഡിനോടനുബന്ധിച്ച സർവീസ് റോഡ് പൂർത്തിയാകാത്തതിനെ തുടർന്നാണ് വാഹനങ്ങൾ ഇതുവഴി പോകുന്നത്. പെരുമരം, ആഴാകുളം റോഡുകൾ തമ്മിൽ ബൈപാസിൽ കയറുന്ന ഭാഗത്താണ് സ്ഥിരമായി അപകടങ്ങൾ സംഭവിക്കാറുള്ളത്. ഇവിടെ ഇരുഭാഗത്തും പത്ത് മീറ്ററോളം കുണ്ടുംകുഴിയുമായി കിടക്കുകയാണ്. സാമാന്യം വേഗത്തിലെത്തുന്ന വാഹനങ്ങൾ പോലും കുഴിയുണ്ടെന്നറിയാതെ ഇവിടെ ചാടിപ്പോവകുയും ഇരുചക്രവാഹനങ്ങൾ മറിയുകയും ചെയ്യാറുണ്ട്. ഒരുമാസത്തിനിടെ ഇവിടെ പതിമൂന്നോളം അപകടങ്ങൾ നടന്നതായാണ് പ്രദേശവാസികൾ പറയുന്നത്. ഇതുവഴിയെത്തുന്ന വാഹനങ്ങൾ സർവീസ് റോഡിൽ നിന്നെത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. മെറ്റൽകൂനയിൽ ബൈക്കിടിച്ച് മൂന്നോളംപേർ ഇവിടെ മരണപ്പെട്ടിട്ടുണ്ട്. കോവളം ജംഗ്ഷനിൽ നിന്നും 50 മീറ്റർ മാറിയാണ് മെറ്റൽ ഇറക്കി യാത്ര തടഞ്ഞിരിക്കുന്നത്. ഇക്കാരണത്താൽ ഇതിനടുത്ത് എത്തുമ്പോൾ മാത്രമാണ് മെറ്റൽകൂന ശ്രദ്ധയിൽപ്പെടുന്നത്. മെറ്റൽകൂനയിൽ കാർ ഇടിച്ച് ദമ്പതികൾക്ക് പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്.

 സുരക്ഷയില്ല

നിരന്തരം അപകടങ്ങൾ ഉണ്ടായിട്ടും പൊലീസ് വേണ്ടത്ര സുരക്ഷ ഒരുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. രാത്രി ഇവിടെ വഴിവിളക്കില്ലാത്തതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. ബൈപ്പാസ് റോഡിനോട് ചേർന്ന സർവീസ് റോഡ് നിർമ്മാണം പാതി വഴിയിൽ നിലച്ചിരിക്കുകയാണ്. ഇതുവഴി വരുന്ന വാഹനങ്ങൾ താത്കാലികമായി ബൈപ്പാസിലേക്ക് കയറുന്നതിന് തുറന്നു നൽകിയിരിക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.