covid

തിരുവനന്തപുരം: ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.ഇന്നലെ 550 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.അടുത്ത കാലത്തൊന്നും പ്രതിദിന രോഗികളുടെ എണ്ണം 500 കടന്നിട്ടില്ലായിരുന്നു.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 398 പേർക്ക് സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. 247 പേർ രോഗമുക്തരായി. 3,528 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. രോഗലക്ഷണങ്ങളെത്തുടർന്ന് ജില്ലയിൽ 1,372 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 16,925 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,372 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.ഈ മാസം ഒന്നാം തീയതി 163 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്.രണ്ടാം തീയതി 212 പേർക്കും മൂന്നാം തീയതി 180 പേർക്കും നാലിന് 185 പേർക്കും രോഗം റിപ്പോർട്ട് ചെയ്തു. 249 പേർ‌ അഞ്ചിനും 210 പേർ‌ ആറിനും രോഗബാധിതരായി. ഏഴിന് രോഗികളുടെ എണ്ണം 330ആയി ഉയർന്നു. എട്ടിന് ഇത് 444 ആയി. ഒൻപതാം തീയതി 422 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രോഗികളുടെ എണ്ണം 500 കടന്നു.പത്ത് ദിവസത്തിനുള്ളിൽ രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനയാണ് വന്നത്.കൊവിഡ് സുരക്ഷാ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.