1

പോത്തൻകോട്: ആറ് പഞ്ചായത്തുകൾക്ക് കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിട്ട ആനതാഴ്‌ചിറ വികസനവും നവീകരണവും പാതിവഴിയിൽ. അണ്ടൂർക്കോണം പഞ്ചായത്തിൽ 36 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ജലസംഭരണിയാണിത്. 400 ദശലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ജില്ലയിലെ ഏറ്റവും വലിയ ചിറകളിലൊന്നാണിത്. അണ്ടൂർക്കോണം, പോത്തൻകോട്, മംഗലപുരം പഞ്ചായത്തുകളിലേക്ക് മുമ്പ് പൈപ്പ്‌ലൈൻ വഴി കുടിവെള്ളം എത്തിച്ചുകൊണ്ടിരുന്നത് ഇവിടെ നിന്നായിരുന്നു. കാർഷികാവശ്യത്തിന് സമീപത്തെ കനാലുകൾ വഴിയും വെള്ളം ഉപയോഗിച്ചിരുന്നു. 450 മീറ്റർ നീളവും 100 മീറ്റർ വീതിയുമുള്ള തടാകം പോലുള്ള ആനതാഴ്ചിറയിലെ നവീകരണ പ്രവർത്തനങ്ങൽ നടത്താൻ 2010ൽ സർക്കാർ 2.10 കോടിയും പിന്നീട് 2.16കോടി രൂപയും ആദ്യഘട്ടത്തിൽ അനുവദിച്ചിരുന്നു. നവീകരണത്തിന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അനുവദിച്ച കോടികൾ ചെലവഴിച്ചിട്ടും പദ്ധതി എങ്ങുമെത്തിയില്ല. രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങൾ 2014 ജൂലായ് 10ന് ഉദ്ഘാടനം ചെയ്‌തതും വെറുതെയായി. 170 മീറ്റർ നീളത്തിലും 100 മീറ്റർ വീതിയിലും ചിറയുടെ ഒന്നാംഘട്ടനവീകരണം 2014 മാർച്ചിൽ പൂർത്തിയാക്കി. 2014 ജൂലായ് 10ന് 4.5 കോടി മുടക്കി 235 മീറ്റർ നീളത്തിലും 100 മീറ്റർ വീതിയും ഉള്ള രണ്ടാംഘട്ട നവീകരണ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു. ചെളി നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 2015ൽ വാട്ടർ അതോറിട്ടി താത്കാലികമായി നിർമ്മാണം നിറുത്തിവയ്‌പ്പിക്കുകയായിരുന്നു. കുടിവെള്ളക്ഷാമം നേരിട്ടതോടെ വാട്ടർ അതോറിട്ടിയും അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തും സംയുക്തമായി പദ്ധതി പ്രദേശത്ത് ഒരു ഫിൽറ്റർ പ്ലാന്റ് യൂണിറ്റ് സ്ഥാപിച്ച് ജലവിതരണം ഭാഗികമായി ആരംഭിച്ചതും പിന്നീട് നിലച്ചു.

പ്രതീക്ഷയാകേണ്ട പദ്ധതി

ചിറയിൽ കുളിപ്പിക്കാനിറക്കിയ ആന പാപ്പാനോടൊപ്പം താഴ്ന്നുപോയതുമുതലാണ് ആന താഴ്ന്നുപോയ ചിറ എന്ന വിശേഷണമുണ്ടായതോടെ

ആനതാഴ്ച്ചിറ എന്നറിയപ്പെടാൻ തുടങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. കേരള വാട്ടർ അതോറിട്ടിയുടെ കീഴിലുള്ള ആനതാഴ്ചിറയിൽ മഴവെള്ളം തദ്ദേശീയമായി ഉപയോഗപ്പെടുത്തുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരുന്നത്. ഒഴുകിയെത്തുന്ന മഴവെള്ളം ട്രീറ്റ്മെന്റ് പ്ലാന്റുകൾ വഴി ശുദ്ധീകരിച്ച് പഞ്ചായത്ത് പ്രദേശങ്ങളിൽ വിതരണം നടത്തുന്നതായിരുന്നു പദ്ധതി.

പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്:

150 എം.എൽ.ഡി വെള്ളം


ആദ്യഘട്ടത്തിനായി അനുവദിച്ചത്:

2.10 കോടി ( 2010 ൽ )​

രണ്ടാംഘട്ടത്തിനായി അനുവദിച്ചത്:

2.16 കോടി രൂപ + 4.41 കോടി ( 2014 ൽ )​


ആകെ 6.57 കോടി

പദ്ധതി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടത് - 2015ൽ