കാട്ടാക്കട:ഗ്രാമീണ മേഖലയിൽശക്തമായ വേനൽമഴയിൽ വ്യാപക കൃഷിനാശം.പലയിടത്തും വീടുകൾക്കും നാശം സംഭവിച്ചു.ഏക്കറുകണക്കിന് വാഴക്കൃഷി ഒടിഞ്ഞുവീണ് നാശനഷ്ടമുണ്ടായി. പലേയിടത്തും മരങ്ങൾ കടപുഴകിയും മേൽക്കൂര പറന്നും നാശം ഉണ്ടായി.പൂവച്ചൽ,കൊണ്ണിയൂർ, കൊല്ലോട്, കള്ളിക്കാട്. പ്രദേശങ്ങളിലാണ് കാറ്റും മഴയും നാശം വിതച്ചത്.കപ്പ,ഏത്തൻ വാഴക്കുലകളാണ് നശിച്ചത്.കൊണ്ണിയൂരിൽ കൊണ്ണി പാലം ,വെള്ളം കൊല്ലി,കുമാരൻ നായരുടെ പാട്ടത്തിനു എടുത്തു കൃഷി ചെയ്യുന്ന കുലയ്ക്കാറായതും പാകമെത്തിയതുമായ നൂറോളം വാഴകളാണ് കാറ്റിൽ നശിച്ചത്.സമീപത്ത് തന്നെ കൊണ്ണിയൂർ,അയണിച്ചിറ ഗോകുലത്തിൽ ജി.പി.ഉണ്ണികൃഷ്ണന്റെ 20 സെന്റ് വരുന്ന കൃഷിയിടത്തിൽ ഭൂരിഭാഗം വാഴകളും ഇത്തരത്തിൽ നശിച്ചു. പൊന്നെടുത്ത ശാന്തി ഭവനിൽ വേലപ്പൻ നായരുടെ 75 ഓളം വാഴകളാണ് നിലം പതിച്ചത്.കൊണ്ണിയൂരിൽ അറുതലംപാട് വിഷ്ണുഭവനിൽ വിഷ്ണുകുമാർ, വേലായുധൻ ആശാരി, കുട്ടപ്പൻ ആശാരി എന്നിവരുടെ വീടുകളുടെ മേൽ കൂര കാറ്റിൽ പറന്നുപോയി.സമീപത്തെ നാഗേശ്വരിയുടെ വീടിന്റെ ഒടുകളും കാറ്റിൽ പറന്നു.കൊണ്ണിയൂർ ക്ഷേത്ര നട ഏലയിലെ ഉണ്ണികൃഷ്ണൻ നായരുടെ 40 സെന്റ് സ്ഥലത്തെ ഏത്ത വാഴകൾ ഒടിഞ്ഞ് വീണ് നശിച്ചു.ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്.കള്ളിക്കാട് പ്രദേശത്തു മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞ് വീണും പലയിടത്തും ഗതാഗത തടസമുണ്ടായി. വിളപ്പിൽ,കള്ളിക്കാട് പ്രദേശത്ത് കാട്ടാക്കട,മൈലക്കര ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു.