തിരുവനന്തപുരം:ഇരട്ട വോട്ടിനു പിന്നാലെ, തപാൽ വോട്ടിലും ഇരട്ടിപ്പ്. പോളിംഗ് ഉദ്യോഗസ്ഥർക്കാണ് വോട്ട് ചെയ്ത ശേഷം വീണ്ടും തപാൽവോട്ട് ലഭിച്ചത്. രണ്ടു ദിവസത്തിനകം തെറ്റ് കണ്ടുപിടിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു.
പോളിംഗ് ഉദ്യോഗസ്ഥർക്ക് മണ്ഡലങ്ങളിലെ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ ഏപ്രിൽ1മുതൽ 3വരെ നേരിട്ട് വോട്ട് ചെയ്യാമായിരുന്നു. അതിന് കഴിയാത്തവർക്ക് ഏപ്രിൽ നാലിനു ശേഷം തപാൽ ബാലറ്റ് അയച്ചു. ഇതിനൊപ്പമാണ് വോട്ട് ചെയ്തവർക്കും തപാൽ ബാലറ്റ് കിട്ടിയത്. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,കണ്ണൂർ തുടങ്ങിയ ജില്ലകളിൽ വ്യാപകമായി ഇങ്ങനെ സംഭവിച്ചു. വോട്ടെണ്ണുന്ന മേയ് രണ്ടു വരെ ലഭിക്കുന്ന എല്ലാ തപാൽ വോട്ടുകളും എണ്ണേണ്ടി വരും. ഇൗ വിഭാഗത്തിൽ മൂന്നരലക്ഷത്തോളം തപാൽ വോട്ടുണ്ട്. ഒരു മണ്ഡലത്തിൽ ശരാശരി 2000 മുതൽ 3000 തപാൽ വോട്ടുണ്ട്. ഇത് സ്ഥാനാർത്ഥികളുടെ ജയപരാജയത്തിൽ നിർണായകമാണ്.
വരണാധികാരികളാണു തപാൽ ബാലറ്റ് അച്ചടിക്കാൻ സർക്കാർ പ്രസുകളിൽ ഓർഡർ നൽകുന്നതും ഏറ്റുവാങ്ങുന്നതും. ഓരോ തപാൽ വോട്ടിലും പ്രത്യേക നാലക്ക നമ്പരുണ്ടാകും. പോളിംഗ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർ 12–ാം നമ്പർ ഫോമിൽ നൽകുന്ന അപേക്ഷ പരിഗണിച്ചാണു തപാൽ ബാലറ്റുകൾ അയയ്ക്കുന്നത്. ഇവർ പ്രത്യേക കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയ വോട്ട് വരണാധികാരികൾ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്. ഓരോ ബാലറ്റും പരിശോധിച്ച് ഇരട്ടിപ്പ് കണ്ടെത്തുക ശ്രമകരമാകും.
പിഴവിന് പറയുന്ന
കാരണങ്ങൾ
പ്രത്യേക കേന്ദ്രത്തിൽ വോട്ടു ചെയ്തവരുടെ പേരിനു നേരെ വോട്ടർ പട്ടികയിൽ തപാൽ ബാലറ്റ് എന്നു തിരിച്ചറിയാൻ 'പി ബി' എന്ന് ഇംഗ്ലീഷിൽ അടയാളപ്പെടുത്തണം. ഇതു പരിശോധിച്ച്
വോട്ട് ചെയ്തവരെ ഒഴിവാക്കിയാണ് തപാൽ ബാലറ്റ് അയയ്ക്കേണ്ടതെങ്കിലും പാലിക്കപ്പെട്ടില്ല.
ഉദ്യോഗസ്ഥൻ ജോലി ചെയ്യുന്ന ജില്ലയും വോട്ടർ പട്ടികയിൽ പേരുള്ള ജില്ലയും വ്യത്യസ്തമാണെങ്കിൽ ജോലി ചെയ്യുന്ന ജില്ലയിൽ പോൾ ചെയ്യുന്ന തപാൽ ബാലറ്റുകൾ മാതൃജില്ലയിലേക്ക് അയച്ചുകൊടുക്കണം.അതിലും വീഴ്ചയുണ്ടായി.
തപാൽ വോട്ടുകൾ:
ഭിന്നശേഷിക്കാരും 80വയസു കഴിഞ്ഞവരും കോവിഡ് ബാധിതരും ക്വാറന്റൈനിൽ കഴിയുന്നവരും (തപാൽ ബാലറ്റുമായി വീട്ടിലെത്തി വോട്ട് ചെയ്യിച്ചു)
പൊലീസ്,ഹോം ഗാർഡ് ഉൾപ്പെടെയുള്ള സ്പെഷൽ പൊലീസ്, ആരോഗ്യ, അഗ്നിശമന അവശ്യസർവ്വീസ് (പ്രത്യേക കേന്ദ്രങ്ങളിൽ മാർച്ച് 28 മുതൽ 30 വരെ വോട്ട് ചെയ്തു)
പോളിംഗ് ഡ്യൂട്ടി ലഭിച്ച ജീവനക്കാർ
(ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ ഏപ്രിൽ 1മുതൽ 3വരെ വോട്ട് ചെയ്തു.ചെയ്യാത്തവർക്ക് തപാൽ ബാലറ്റ് അയച്ചു ).
സൈനികരും മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരും വിദേശ സർവീസിലുള്ളവരും
(ഓൺലൈനായി തപാൽ ബാലറ്റ് അയച്ചു. അവർ വോട്ട് രേഖപ്പെടുത്തി തിരികെ തപാലിൽ അയച്ചു)