f

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചെങ്കിലും നഗരത്തിൽ പ്രതിരോധം ഇപ്പോഴും പഴയപടി തന്നെയാണ്. ജില്ലയിൽ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെപ്പറ്റി ജില്ലാ കളക്ടർ പൊലീസിനും അധികൃതർക്കും കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഒരാഴ്ച പിന്നിട്ടിട്ടും നഗരത്തിൽ നിയന്ത്രണങ്ങൾ ഫലപ്രദമാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. നാല് ദിവസത്തിനുള്ളിൽ 2000ലധികം കൊവിഡ് രോഗികളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്‌തത്. ഇതിൽ 50 ശതമാനം രോഗികൾ നഗരപ്രദേശത്തുള്ളവരാണ്. ഭൂരിഭാഗം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അതിനാൽ കൊവിഡ് വ്യാപനം രൂക്ഷമാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് സമയത്ത് കൂടുതൽ പരിപാടികളും ആഘോഷങ്ങളും നടന്നത് നഗരപരിധിയിലാണ്. നഗരത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട പൊലീസിന്റെ പരിശോധനയും കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്. നഗരത്തിലെ പല വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ.

കൊവിഡ് മാനദണ്ഡങ്ങൾ

പാലിക്കപ്പെടുന്നില്ല

നഗരത്തിലെ പല സ്ഥലങ്ങളിലും കൂട്ടം കൂടുന്നത് പതിവാണ്. പല വ്യാപാര സ്ഥാപനങ്ങളിലും സാനിറ്റൈസ‌ർ മെഷീനുകൾ അപ്രത്യക്ഷമായി. ഇക്കാര്യങ്ങൾ ഫലപ്രദമായി പരിശോധിക്കാൻ നഗരസഭയുടെ നേതൃത്വത്തിലുള്ള ഹെൽത്ത് ടീം പ്രവർത്തനം കൂടുതൽ സജീവമാക്കേണ്ടതുണ്ട്. നഗരസഭയുടെ ഹെൽത്ത് സ്‌ക്വാഡിന്റെ ഭാഗമായി കൊവിഡ് പ്രതിരോധത്തെപ്പറ്റിയുള്ള ബോധവത്കരണ മൈക്ക് അനൗൺസ്‌മെന്റും ഇപ്പോൾ നിലവിലില്ല.

നഗരത്തിൽ വിഷുത്തിരക്ക്,

​പ്രതിരോധ നടപടിയില്ല

വിഷുവിന് ഇനി രണ്ട് ദിവസം മാത്രം ശേഷിക്കെ നഗരത്തിൽ തിരക്ക് വർദ്ധിക്കുകയാണ്. പ്രധാന കമ്പോളങ്ങളായ ചാലയിലും പാളയത്തും തിരക്കിന് കുറവില്ല. ഇവിടെ പൊലീസിന്റെയോ നഗരസഭയുടെയോ ഹെൽത്ത് സ്‌ക്വാഡിന്റെയോ പരിശോധനയും ഫലപ്രദമല്ല. പല സ്ഥലങ്ങളിലായി നഗരസഭ സ്ഥാപിച്ചിരുന്ന സാനിറ്റൈസർ കിയോസ്‌കുകൾ ഇപ്പോൾ പ്രവർത്തന രഹിതമാണ്.

നഗരത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. എല്ലാ വ്യാപാര

സ്ഥാപനങ്ങളിലും പരിശോധന നടത്തും. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും

ബൽറാം കുമാർ ഉപാദ്ധ്യായ

​സിറ്റി പൊലീസ് കമ്മിഷണർ