വെളളറട : ഗ്രാമങ്ങളിൽ തെരുവ്നായ്ക്കളുടെ ആക്രമണം നാൾക്കുനാൾ വർദ്ധിക്കുന്നതായി പരാതി. പെറ്റുപെരുകുന്ന തെരുവ്നായ്ക്കൾ കാരണം വഴിനടക്കാൻപോലും പേടിയാണ് നാട്ടുകാർക്ക്. ക്രമാതീതമായി വർദ്ധിക്കുന്ന തെരുവ്നായ്ക്കളെ പിടികൂടാനോ വന്ധ്യംകരിക്കാനോ വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരാതി. മലയോര ഗ്രാമപഞ്ചായത്തുകളിൽ തെരുവ് നായ്ക്കളെ പിടികൂടിയിട്ട് വർഷങ്ങൾ പലതുകഴി‌ഞ്ഞു. അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കളിൽ പലതിനും പേവിഷബാധയുണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്. തെരുവിൽ വിലസുന്ന ഇവയുടെ കടിയേൽക്കുന്നവരും കുറവല്ല. മുൻകാലങ്ങളിൽ വർഷത്തിൽ ഒരിക്കൽ ഗ്രാമപഞ്ചായത്തിന്റെനേതൃത്വത്തിൽ നായ്ക്കളെ പിടികൂടി കൊല്ലുമായിരുന്നു. എന്നാൽ മൃഗസ്നേഹികളുടെ ഇടപെടൽ വന്നതോടെ അത് നിലച്ചു. തുടർന്ന് നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കാൻ തീരുമാനിച്ചു. എന്നാൽ തീരുമാനം അവിടെത്തന്നെ ഒതുങ്ങി. തുടർനടപടികളൊന്നും സ്വീകരിച്ചില്ല. സ്കൂൾ പരിസരങ്ങളിൽ നായ്ക്കളുടെ ശല്യം കൂടിയതോടെ വിദ്യാർത്ഥികളും ഭീതിയിലാണ്. ഇവയെ നിയന്ത്രിക്കാൻ എന്തെങ്കിലും നടപടിവെണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതരും നിവേദനവുമായി ഗ്രാമപഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടുണ്ട്. നായ്ക്കൾ പെറ്റുപെരുകുന്നത് തടയാൻ കൂടുതൽ ശക്തമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ ഭീതികൂടാതെ പുറത്തിറങ്ങി നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാകും.

പുറത്തിറങ്ങാൻ വയ്യ

ആളൊഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപം പതിവായതോടെ ഈ മാലിന്യകേന്ദ്രങ്ങളിൽ തമ്പടിക്കുന്ന തെരുവുനായ്ക്കളുടെ എണ്ണവും വർദ്ധിച്ചു. ഈ വഴി യാത്രചെയ്യുന്നതാകട്ടെ വളരെ പേടിയോടെയുമാണ്. കാൽനട- ഇരുചക്രവാഹനയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മാംസാവശിഷ്ടത്തിനായി കടിപിടികൂടുന്ന നായ്ക്കൾ നടന്നുപോകുന്നവരുടെ നേരെ കുരച്ചുകൊണ്ട് ഓടിയടുക്കുന്നത് നിത്യകാഴ്ചയാണ്. ഇരുചക്രവാഹനയാത്രക്കാർക്ക് മുന്നിലേക്ക് ഇവ ചാടിവീഴുമ്പോൾ വാഹനത്തിൽ നിന്നും വീണ് പരിക്കേൽക്കുന്നവരും ഉണ്ട്. ഇതിൽ ചിലരെ തെരുവ്നായ്ക്കൾ കടിച്ചിട്ടുമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.