തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കേരള സർവകലാശാലയുടെ ഉത്തരക്കടലാസ് പൊലീസ് പിടിച്ചെടുത്ത സംഭവത്തിൽ ഉത്തരവാദിയെന്ന് കണ്ടെത്തിയ അദ്ധ്യാപകന്റെ അസോ.പ്രൊഫസർ നിയമന വിഷയം നാളെ ചേരുന്ന സിൻഡിക്കേറ്റ് ചർച്ചചെയ്തേക്കും.പ്രൊഫസർ നിയമനം സംബന്ധിച്ച പരാതിയിൽ സർവകലാശാലയോട് യു.ജി.സി വിശദീകരണം തേടിയിരുന്നു.
യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷാ ചുമതല വഹിച്ചിരുന്ന അദ്ധ്യാപകനായ അബ്ദുൾ ലത്തീഫിനെ കേരള സർവകലാശാലയിൽ അസോ. അറബിക് പ്രൊഫസറായി നിയമിക്കാനുള്ള തീരുമാനമാണ് വിവാദമായത്. സർവകലാശാലയുടെ അന്വേഷണ സമിതി ഇദ്ദേഹത്തെ പരീക്ഷാ ജോലികളിൽ നിന്ന് സ്ഥിരമായി ഡീബാർ ചെയ്യുകയും, സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
അച്ചടക്ക നടപടികൾക്ക് വിധേയനായ അദ്ധ്യാപകനെ സർവകലാശാലയുടെ പരീക്ഷാ ചുമതലകളുള്ള തസ്തികയിലേക്ക് നിയമിക്കുന്നതിനെതിരെ സേവ് എജ്യൂക്കേഷൻ ഫോറമാണ്
യു.ജി.സിക്ക് നിവേദനം നൽകിയത്. . നിയമന കാര്യങ്ങളിലുള്ള നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്നും യു.ജി.സി നിർദേശിച്ചിട്ടുണ്ട്.