പൂവാർ: വേനൽ കടുത്തതോടെ തീരദേശത്തെ പല പ്രദേശങ്ങും കുടിവെള്ളക്ഷാമത്തിന്റെ പിടിയിലായി. വേനൽമഴ ലഭിക്കാതായതും കുടിവെള്ളക്ഷാമം രൂക്ഷമാക്കി.പൂവാർ, കരുംകുളം, കാഞ്ഞിരംകുളം, കോട്ടുകാൽ പഞ്ചായത്തുകളിലെ തീരദേശവാസികൾക്ക് ശുദ്ധജലം കിട്ടിയിട്ട് മാസങ്ങളായി. അതേസമയം, കുടിവെള്ളക്ഷാമം മുതലെടുത്ത് ജലമാഫിയകൾ പ്രവർത്തിക്കുന്നുണ്ടെന്ന ആക്ഷേപം ശക്തം.
വേനൽക്കാലത്ത് തീരദേശത്ത് കുടിവെള്ളക്ഷാമം സാധാരണമാണ്. കാലങ്ങളായി ജനങ്ങൾ നേരിടുന്ന വരൾച്ച നേരിടാൻ നാളിതുവരെയുള്ള ജനപ്രതിനിധികൾ തയ്യാറാകുന്നില്ല. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന ഇവിടുത്തെ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. കിണർ കുത്താമെന്ന് കരുതിയാൽ ഉപ്പുവെള്ളമാണ് ലഭിക്കുന്നത്.
തീരദേശത്ത് എത്തുന്നവെള്ളം കരിച്ചൽപമ്പ് ഹൗസിൽ നിന്നുള്ള വെള്ളമാണ്. ഇവിടെ പമ്പിംഗ് കൃത്യമായി നടന്നിട്ട് വർഷങ്ങളായി. വർഷങ്ങൾക്ക് മുൻപ് പമ്പ്ഹൗസ് സ്ഥാപിക്കുമ്പോൾ 6 പമ്പുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ രണ്ടെണ്ണമേ പ്രവർത്തിക്കുന്നുള്ളൂ. പ്രവർത്തനരഹിതമായ ബാക്കി പമ്പുകൾ അറ്റകുറ്റപ്പണികൾ നടത്തി കൃത്യമായി പമ്പിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ ബന്ധപ്പെട്ട അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് മാത്രം.
വെള്ളമെത്തുന്നത്....... കരിച്ചൽ പമ്പ്ഹൗസിൽ നിന്ന്
ആകെയുള്ള പമ്പുകൾ......6
പ്രവർത്തിക്കുന്നത്........2
പൊട്ടിയ പൈപ്പുകൾ
പൊതു ജനങ്ങൾക്കായി വെള്ളമെടുക്കാൻ സ്ഥാപിച്ചിട്ടുള്ള പൊതു ടാപ്പുകളിൽ പലതും പൊട്ടിപ്പൊളിഞ്ഞുപോയി. അവയും യഥാസമയം നന്നാക്കുന്നതിനും അധികൃതൻ തയാറാകുന്നില്ല. പല സ്ഥലങ്ങളിലും പൊട്ടിയ പൈപ്പുകളിലൂടെ ധാരാളം വെള്ളം പുറത്തേക്ക് ഒഴുകി പോകുന്നു. മറ്റു ചിലപ്പോൾ ഈ സ്ഥലങ്ങളിൽ നിന്നും മലിനജലം പൈപ്പിലേക്കും കയറും. ഈ ചെളി കലർന്ന മലിനജലമാണ് വീട്ടുകാർക്ക് കിട്ടുന്നത്. ഇത്തരത്തിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമെത്തുന്ന വെള്ളം കുടിവെള്ളമായി ഉപയോഗിക്കാൻ പറ്റില്ലെന്നതാണ് പ്രധാന ആക്ഷേപം. ആകെയെത്തുന്നത് ചെളികലർന്ന വെള്ളമായതിനാൽ കുളിക്കാനും നനയ്ക്കാനും മാത്രമാണ് പലപ്പോഴും വീട്ടുകാർ ഉപയോഗിക്കുന്നത്.
കുടിക്കാനും മറ്റും വീട്ടാവശ്യത്തിനും കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ട അവസ്ഥ.
വിലയ്ക്കുവാങ്ങി വെള്ളം
പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ശുദ്ധജലത്തിനായി ജലമാഫിയയെ തേടേണ്ട ആവസ്ഥയിലാണ് ഇവിടുത്തുകാർക്ക്. എന്നാൽ ഈ ജലമാഫിയകൾ വെള്ളം ശേഖരിക്കുന്നതാകട്ടെ നെയ്യാർ, കരിച്ചൽ കായൽ എന്നിവിടങ്ങളിൽ നിന്നും സമീപത്തെ നീർച്ചാലുകളിൽ നിന്നുമാണ്. ഇവ ലേബലൊട്ടിച്ച് വില്പനനടത്തുന്നതാണെന്നും ആക്ഷേപമുണ്ട്. കുപ്പിവെള്ളം ശുദ്ധജലമാണെന്ന പ്രചാരണവും,അതേ തുടർന്നുള്ള പ്രദേശവാസികളുടെ വിശ്വാസവുമാണ് മാഫിയകൾ മുതലാക്കുന്നത്.