തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ഒപ്പം പ്രവർത്തിച്ചവരാരെങ്കിലും പാലം വലിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്ന് വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വീണ എസ്. നായർ 'കേരളകൗമുദി"യോടു പറഞ്ഞു. അക്കാര്യം അന്വേഷിക്കേണ്ടത് പാർട്ടിയാണ്. തെറ്റായ നടപടിയുണ്ടായാൽ ദോഷം പാർട്ടിക്കാണ്. രാത്രി രണ്ടരവരെ പ്രചാരണത്തിൽ എനിക്കൊപ്പം നിന്നവരാണ് വട്ടിയൂർക്കാവിലെ കോൺഗ്രസുകാർ. അതിലാരെങ്കിലും തിരിച്ചുചിന്തിച്ചിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ നടപടിയെടുക്കണമെന്നും വീണ പറഞ്ഞു.
സീനിയർ നേതാക്കൾ എത്രത്തോളം സഹായിച്ചു?
പ്രിയങ്കാഗാന്ധി, രാഹുൽഗാന്ധി, സച്ചിൻ പൈലറ്റ്, കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ഉമ്മൻചാണ്ടി, ഡോ. ശശി തരൂർ തുടങ്ങിയവരെത്തിയിരുന്നു. കെ. മുരളീധരന്റെ പൂർണ പിന്തുണയുമുണ്ടായിരുന്നു.
മുതിർന്ന നേതാക്കളുടെ അസാന്നിദ്ധ്യം സൂചിപ്പിച്ചത് കെ.പി.സി.സി പ്രസിഡന്റാണ്?
അതിവിടത്തെ പ്രാദേശിക നേതൃത്വത്തെക്കുറിച്ചായിരിക്കാം. അവസാന ദിവസങ്ങളിൽ ചിലർക്ക് അനാരോഗ്യമുണ്ടായി. മറ്റ് വിഷയങ്ങളില്ല. അട്ടിമറി സംശയിക്കുന്നില്ല. രാഷ്ട്രീയ കുടുംബത്തിൽ നിന്ന് വരുന്നയാളാണ് ഞാൻ. ഡീൽ നടത്താൻ എന്നെ കൊണ്ടു നിറുത്തില്ല.
വോട്ടെടുപ്പിന്റെ അടുത്ത ദിവസം പോസ്റ്റർ ആക്രിക്കടയിൽ ?
പാർട്ടി അന്വേഷിക്കുന്നുണ്ട്. എന്നോട് പരാതി എഴുതിക്കൊടുക്കാൻ പറഞ്ഞു. കെ.പി.സി.സി വളരെ ഗൗരവത്തോടെയാണ് വിഷയം എടുത്തിട്ടുണ്ട്. സ്ഥാനാർത്ഥിയെന്ന നിലയിൽ കൂടുതൽ പ്രതികരിക്കുന്നത് ഭംഗിയാകില്ല
സ്ഥാനാർത്ഥിയായപ്പോൾ പാർട്ടിക്കകത്തെ എതിർപ്പുകൾ ?
എന്റെ അറിവിൽ എതിർപ്പുകളൊന്നുമുണ്ടായില്ല. മുമ്പ് പല പേരുകൾ വന്നപ്പോഴും പരസ്യ പ്രതിഷേധമുണ്ടായി. എന്റെ പേര് വന്നപ്പോൾ അങ്ങനെയുണ്ടായില്ല.
വിജയ പ്രതീക്ഷ?
മോഹൻകുമാറിന് കഴിഞ്ഞ തവണ ലഭിച്ച വോട്ടിനൊപ്പം 8000- 9000 വോട്ടു കൂടി ലഭിച്ചാൽ ജയിക്കാം. കഴിഞ്ഞ തവണ സി.പി.എമ്മിലേക്കു പോയ വോട്ടുകൾ ബി.ജെ.പി തിരിച്ചു പിടിച്ചാലും ജയം ഉറപ്പാണ്.