തിരുവനന്തപുരം: വേനൽച്ചൂടിൽ നിന്ന് മൃഗശാലയിലെ പക്ഷികൾക്കും മൃഗങ്ങൾക്കും ആശ്വാസം നൽകാനുള്ള ശ്രമത്തിലാണ് അധികൃതർ. ഫാനും എ.സിയും കുളങ്ങളും പനയോല ഹട്ടുകളും ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. വേൽച്ചൂടിന്റെ കാഠിന്യം കുറയ്‌ക്കാൻ ഇടയ്‌ക്ക് മഴയെത്തുന്നുണ്ടെങ്കിലും പിന്നാലെ താപനില ഉയരുകയാണ്. ശരീര ഊഷ്‌മാവ് വ്യതിയാനമില്ലാതെ നിലനിറുത്താനുള്ള മാർഗങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുരങ്ങുകൾ, കാട്ടുപോത്ത്, കരടി, കടുവ, പാമ്പുകൾ, കാണ്ടാമൃഗം തുടങ്ങിയവയുടെ കൂടുകളിലെ കുളങ്ങളിൽ വെള്ളം നിറച്ചു. കരടിക്ക് പഴ വർഗങ്ങൾ തണുപ്പിച്ച് ഐസ് ബ്ലോക്കുകളാക്കി നൽകുകയാണ്. രാജവെമ്പാല, അനാക്കോണ്ട എന്നിവയ്ക്കായി എ.സിയും സജ്ജമാക്കിയിട്ടുണ്ട്. ചെറിയ പാമ്പുകൾക്കായി ചട്ടികളിൽ വെള്ളവും നൽകി. ഒട്ടകപ്പക്ഷിക്ക് ഫാനും പനയോല കൊണ്ടുള്ള ഹട്ടുകളും, കടുവയ്ക്ക് ഫാനും ഷവറും കൂട്ടിലെ കുളത്തിൽ 24 മണിക്കൂറും വെള്ളവും സജ്ജമാക്കി. നീലക്കാളയ്ക്ക് ഫാനും വെള്ളം ചീറ്റുന്ന സ്‌പ്രിങ്കളറുമാണ് ഒരുക്കിയത്. പക്ഷികളുടെ കൂടുകളിലെല്ലാം വെള്ളം നിറച്ചിട്ടുണ്ട്. കാണ്ടാമൃഗത്തിനും മ്ലാവിനും തണുപ്പ് കൂടുതൽ വേണ്ടതിനാൽ ചെളിക്കുളവും റെഡിയാക്കി. സസ്യഭുക്കുകളുടെ ഭക്ഷണത്തിൽ തണ്ണിമത്തൻ, സലാഡ് തുടങ്ങിയവയുടെ അളവ് കൂട്ടി. മൃഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിനുള്ള മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.