തിരുവനന്തപുരം: മന്ത്റി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന ലോകായുക്ത വിധിക്കെതിരേ നിയമ നടപടി സ്വീകരിക്കാൻ മന്ത്രി കെ.ടി.ജലീലിന് അവകാശമുണ്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ഹൈക്കോടതിയിൽ റിട്ട് കൊടുക്കാനുള്ള അവകാശം ജലീലിനുണ്ട്. മന്ത്റിയുടെ കാര്യത്തിൽ മുഖ്യമന്ത്റി യുക്തമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോടു പറഞ്ഞു. കസ്റ്റംസ് സ്‌പീക്കറെ ചോദ്യം ചെയ്തതിനെ പറ്റി ചോദിച്ചപ്പോൾ, സ്പീക്കറുടെ ഔദ്യോഗിക വസതിയിൽ വന്ന് വിവരശേഖരണം നടത്താൻ ഏത് ഏജൻസിക്കും അവകാശം ഉണ്ടെന്നും അതുമായി സ്പീക്കർ സഹകരിച്ചെന്നും കോടിയേരി മറുപടി പറഞ്ഞു. ചാനലുകൾ സർവേയിൽ പ്രവചിച്ചതിലും വലിയ വിജയം ഇടതുമുന്നണിക്ക് കിട്ടും. സ്വന്തം സ്ഥാനാർത്ഥികൾ മത്സരിച്ച മണ്ഡലങ്ങളിൽ പോലും സ്വന്തം വോട്ടു നിലനിർത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു കോൺഗ്രസ്. വട്ടിയൂർക്കാവിൽ മാത്രമല്ല മറ്റു മണ്ഡലങ്ങളിലും ഇത്തരത്തിൽ നടന്നിട്ടുണ്ടെന്നാണ് കെ.പി.സി.സി പ്രസിഡന്റിന്റെ തുറന്നു പറച്ചിൽ.
കഴിഞ്ഞ നിയമസഭയിൽ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ അവസരം ഒരുക്കിയത് കോൺഗ്രസായിരുന്നു. ഇക്കുറി ഇടതുമുന്നണി വൻ വിജയം നേടും. തുടർഭരണത്തിന് ആവശ്യമായ അംഗബലം ലഭിക്കും. ബി.ജെ.പിയും കോൺഗ്രസും എന്തെല്ലാം നീക്കുപോക്ക് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇടതുമുന്നണിക്ക് തുടർഭരണം ഉറപ്പാണ്. ഫലം വരുന്നതിനു മുമ്പേ കോൺഗ്രസിൽ തർക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. അതിന്റെ തുടക്കമാണ് മുല്ലപ്പള്ളിയുടെ തുറന്നു പറച്ചിൽ. ഫലം വരുന്നതോടെ കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടാവും. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ തൂക്കിവിറ്റത് അത്യന്തം അപമാനകരമാണമെന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കും: കാനം
കെ.ടി. ജലീലിനെതിരെയുള്ള ലോകായുക്ത വിധിയിൽ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജലീലിന്റെ വിഷയത്തിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കും.വിധി സംബന്ധിച്ച് മാദ്ധ്യമങ്ങളിലൂടെയുള്ള വിവരങ്ങൾ മാത്രമേയുള്ളൂ. വിശദാംശങ്ങൾ ലഭിച്ചിട്ടില്ല. വിധിയുടെ പകർപ്പ് കിട്ടുമ്പോൾ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബന്ധുനിയമനത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് ഞെട്ടിക്കുന്നത്: മുല്ലപ്പള്ളി
മന്ത്റി കെ.ടി. ജലീലിന്റെ ബന്ധുവിന് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ യോഗ്യതയിൽ ഇളവ് വരുത്തി നിയമനം നൽകിയത് മുഖ്യമന്ത്റിയുടെ അറിവോടെയാണെന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.
മന്ത്റി ജലീൽ കുറ്റക്കാരനാണെന്നും അദ്ദേഹത്തെ പദവിയിൽ നിന്നു നീക്കം ചെയ്യണമെന്നും കഴിഞ്ഞ ദിവസം ലോകായുക്ത വിധിച്ചിരുന്നു. സി.പി.എം ഈ വിധിയെ തള്ളിക്കളയുകയും മന്ത്റി ജലീലിനെ സംരക്ഷിക്കുകയുമാണ്.സി.പി.എമ്മിന്റെ ഈ നിലപാടിന് പിന്നിൽ മുഖ്യമന്ത്റിയുടെ താത്പര്യമാണെന്ന് ഇപ്പോൾ വ്യക്തമായി.കേരളത്തിൽ സമീപകാലത്ത് നടന്ന എല്ലാ പിൻവാതിൽ നിയമനങ്ങളും മുഖ്യമന്ത്റിയുടെ അറിവോടെയാണ്. താൻ ഇക്കാര്യം തുടരെത്തുടരെ പറഞ്ഞതാണ്.അധികാരത്തിന്റെ തണലിൽ എന്തും ചെയ്യാമെന്ന ധാർഷ്ട്യമാണ് മുഖ്യമന്ത്റിക്ക്. ബന്ധുനിയമനം ഉൾപ്പെടെ ഈ സർക്കാർ നടത്തിയ എല്ലാ പിൻവാതിൽ നിയമനങ്ങളെ കുറിച്ചും സമഗ്രമായ അന്വേഷണം വേണം.യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ ആദ്യ മന്ത്റിസഭാ തീരുമാനം മുഖ്യമന്ത്റി നടത്തിയ പിൻവാതിൽ നിയമനങ്ങളെ സംബന്ധിക്കുന്ന അന്വേഷണം പ്രഖ്യാപിക്കലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.