
വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിലും പരിസരങ്ങളിലും ഇരുചക്രവാഹനത്തിൽ എത്തി യാത്രക്കാരിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ. മഞ്ഞമല വിപിൻ ഭവനിൽ വിജിൻ (20 ) ആണ് അറസ്റ്റിലായത്. മറ്റൊരു പ്രതി പിടിയിലായെന്ന് സൂചന. കഴിഞ്ഞ മാസം 22 ന് പുലർച്ചെ വെഞ്ഞാറമൂട്ടിലും പരിസരങ്ങളിലുമായി മിനിറ്റുകളുടെ വ്യത്യാസത്തിൽ മൊബൈൽ ഫോൺ മോഷണം നടത്തിയ കേസിലാണ് ഇപ്പോൾ അറസ്റ്റിലായത്. അന്നേ ദിവസം 6.30ന് ബസ്സിനായി തൈക്കാട് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരുന്ന യുവതിയോട്, ബൈക്കിൽ എത്തിയ മൂവർ സംഘം സമയം എത്രയെന്ന് ചോദിക്കുകയും ബാഗിൽ നിന്ന് ഫോൺ എടുത്തു സമയം നോക്കിയ തക്കത്തിനു ഫോൺ തട്ടിപ്പറിച്ചു ഓടി ബൈക്കിൽ കയറി പോകുകയുമായിരുന്നു. അതേദിവസം മണിക്കോട് ശ്രീ മഹാദേവ ക്ഷേത്ര ജംഗ്ഷനിൽ കൂടി നടന്നുപോകുകയായിരുന്ന യുവാവിനെ അടിച്ചു വീഴ്ത്തി മൊബൈലുമായി കടന്നു കളഞ്ഞു. സി .സി. ടി .വി ദൃശ്യങ്ങളിൽ സംഭവം പതിഞ്ഞിട്ടുണ്ടെങ്കിലും പ്രതികളുടെ മുഖം വ്യക്തമായിരുന്നില്ല. വെഞ്ഞാറമൂട് സി.ഐ രതീഷ് കുമാർ, എസ്. സുജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.