തിരുവനന്തപുരം:ബാങ്കുകൾ അടിച്ചേൽപ്പിക്കുന്ന സമ്മർദ്ദങ്ങളുടെ ഫലമായി ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെകുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
കനറാ ബാങ്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജരും, തൃശൂർ മണ്ണുത്തി സ്വദേശിനിയുമായ കെ.എസ്. സ്വപ്നയുടെ ആത്മഹത്യക്ക് കാരണം ബാങ്കിലെ ജോലി സംബന്ധമായ മാനസിക സമ്മർദ്ദമാണെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്. ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തി കനറാ ബാങ്ക് കേരള സർക്കിൾ ചീഫ് ജനറൽ മാനേജരും, (തിരുവനന്തപുരം) ,റീജിയണൽ മാനേജരും റിപ്പോർട്ട് നൽകണം.
സംസ്ഥാനത്തെ വിവിധ ബാങ്കുകളിലെ ജീവനക്കാർ അനുഭവിക്കേണ്ടി വരുന്ന സമ്മർദ്ദത്തെക്കുറിച്ച് പരിശോധന നടത്തി സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി (എസ്.എൽ.ബി.സി ) കൺവീനർ നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ബാങ്കുകൾ ജീവനക്കാരുടെ മേൽ നടത്തുന്ന അമിത സമ്മർദ്ദത്തിനെതിരെ കൽപ്പറ്റയിലെ അഭിഭാഷകനായ എ. ജെ. ആന്റണിയും കമ്മീഷന് പരാതി നൽകിയിരുന്നു. ജീവനക്കാരെ വൻതോതിൽ വെട്ടിക്കുറച്ച ശേഷമാണ് നിലവിലുള്ള ജീവനക്കാരെ സമ്മർദ്ദത്തിലാക്കി ബാങ്കുകൾ ലാഭം കൊയ്യുന്നതെന്നാണ് പരാതി. മൂന്ന് മാസം മുമ്പ് ഗുരുവായൂരിലും എട്ടു മാസം മുമ്പ് പാലക്കാട്ടും ബാങ്ക് ജീവനക്കാർ ജീവനൊടുക്കിയിരുന്നു. നിക്ഷേപം, വായപാ,ഇൻഷ്വറൻസ്,മെഡിക്കൽ ഇൻഷ്വറൻസ്,മ്യൂച്വൽ ഫണ്ട്, ഫാസ്റ്റ് ടാഗ് തുടങ്ങി വിവിധ ടാർഗറ്റുകൾ കൈവരിക്കാനാണ് ബാങ്കുകൾ ജീവനക്കാരെ സമ്മർദ്ദത്തിലാക്കുന്നത്.