പോത്തൻകോട്: ദേശീയപാതയിൽ സ്വർണവ്യാപാരിയെ ആക്രമിച്ച് 100 പവൻ കവർന്ന കേസിൽ വ്യാപാരിയുടെ മുൻ ഡ്രൈവർ ഗോപനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മൂന്നു മാസം മുമ്പ് പൊലീസ് വേഷത്തിൽ തക്കലയിൽ വച്ച് സമ്പത്തിനെ ആക്രമിച്ച് 75 ലക്ഷം തട്ടിയ കേസിലെ മുഖ്യ ആസൂത്രകനാണ് ഇയാൾ. നെയ്യാറ്റിൻകരയിൽ നിന്നും സ്വർണവുമായി ആറ്റിങ്ങലിലേക്ക് പോകുമ്പോഴാണ് രണ്ട് കാറുകളിലെത്തിയ സംഘം സമ്പത്തിനെയും ഡ്രൈവർ അരുണിനെയും ബന്ധുവായ ലക്ഷ്മണയെയും ആക്രമിച്ച് കവർച്ച നടത്തിയത്. സ്വർണവ്യാപാരിയുടെ ബന്ധു ലക്ഷ്‌മണയുടെയും ഡ്രൈവറുടെയും മൊഴിയിൽ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അരുണിനെയും ലക്ഷ്‌മണയെയും അക്രമിസംഘം തട്ടിക്കൊണ്ടുപോയി രണ്ട് സ്ഥലങ്ങളിലായി ഉപേക്ഷിച്ചെന്നായിരുന്നു മൊഴി. എന്നാൽ ഇരുവരെയും പോത്തൻകോടിന് സമീപം വാവറഅമ്പലത്തിലാണ് ഉപേക്ഷിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ലക്ഷ്‌മണൻ അവിടെ നിന്നും ഓട്ടോയിൽ കയറി ആറ്റിങ്ങലിലെത്തി നെയ്യാറ്റിൻകരയിലെ വീട്ടിലേക്ക് പോകുകയായിരുന്നു. സ്വർണക്കവർച്ചക്കായി തമിഴ്നാട്ടിലെത്തിയ മലയാളികൾ ഉൾപ്പെടുന്ന സംഘത്തെ കഴിഞ്ഞയാഴ്ച തമിഴ്നാട് പൊലീസ് കസ്റ്റഡിലെടുത്തുവെങ്കിലും വിട്ടയച്ചിരുന്നു. ഈ സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അക്രമിസംഘം ഉപയോഗിച്ച വാഹനങ്ങളെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടില്ല. എന്നാൽ സംഭവത്തിന് ഒരു മണിക്കൂർ മുമ്പ് തൊട്ടടുത്ത ജംഗ്ഷനിൽ രണ്ട് വാഹനങ്ങൾ സംശയകരമായ നിലയിൽ പാർക്ക് ചെയ്‌തിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് വിവിധ സ്ഥാപനങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. മഹാരാഷ്ട്ര സ്വദേശിയായ സമ്പത്ത് കേരളത്തിലും തമിഴ്നാട്ടിലും സ്വർണം വിൽക്കുന്നുണ്ട്. ഇയാളുടെ യാത്രകളെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്ന ഒരാൾ ക്വട്ടേഷൻ സംഘത്തിന് വിവരം കൈമാറാനാണ് സാദ്ധ്യത. സൈബർ സംഘത്തെക്കൂടി ഉൾപ്പെടുത്തി വിപുലമായ അന്വേഷണമാണ് നടക്കുന്നത്.